kadal

ഇന്ത്യയ്ക്ക് ആകെ 7516.6 കിലോമീറ്റർ തീരപ്രദേശമുണ്ട്. നമ്മുടെ തീരപ്രദേശം ഒമ്പത് സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. പടിഞ്ഞാറ് അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും,​ കിഴക്ക് ബംഗാൾ ഉൾക്കടലുമാണ്. ഏകദേശ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 200 ദശലക്ഷത്തിലധികം ആളുകൾ സമുദ്രനിരപ്പിൽ നിന്ന് അഞ്ചു മീറ്ററിൽ താഴെയുള്ള തീരപ്രദേശങ്ങളിൽ താമസിക്കുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് അവസാനത്തോടെ ഈ കണക്ക് 400 മുതൽ 500 ദശലക്ഷമായി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരദേശ മേഖല ഭൂമിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണെന്നു സാരം.

തീരദേശ കടലിന്റെ ഗതാഗതം, മത്സ്യബന്ധനം, മാലിന്യം തള്ളൽ, ഖനനം മുതലായവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ന് ലോകം ആശങ്കയോടെ ചർച്ച ചെയ്യുന്നുണ്ട്. തീരദേശ മലിനീകരണം ആഗോളത്തലത്തിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നങ്ങളിൽ ഒന്നാണ്. ഇത് ആവാസവ്യവസ്ഥയുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ തകർക്കുന്നു. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ മത്സ്യം, കടൽപ്പക്ഷികൾ, കടൽ സസ്തനികൾ എന്നിവയെ മുറിവേൽപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നു. സമുദ്ര ജീവികൾ ദഹിക്കാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളെ ഭക്ഷണമായി തെറ്റിദ്ധരിക്കുകയും ശരിയായ ഭക്ഷണം കഴിക്കാതിരിക്കുന്നതിനാൽ പട്ടിണി കിടന്ന് ചത്തുപോവുകയും ചെയ്യുന്നു.

ഭൂരിഭാഗം കടൽ അവശിഷ്ടങ്ങളും (എൺപതു ശതമാനത്തോളം) വരുന്നത് നഗരങ്ങളിലെ ചവറ്റുകുട്ടകളിൽ നിന്നും അവശിഷ്ടങ്ങളിൽ നിന്നുമാണ്- കര അടിസ്ഥാനമാക്കിയുള്ള സ്രോതസുകളിൽ നിന്ന് എന്നു സാരം. സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണം ലോകമെമ്പാടുമുള്ള,​ കുറഞ്ഞത് 267 ജീവിവർഗങ്ങളെ ബാധിച്ചിട്ടുണ്ട്, അതിൽ 86 ശതമാനം കടലാമ ഇനങ്ങളും 44 ശതമാനം കടൽപ്പക്ഷികളും 43 ശതമാനം സമുദ്ര സസ്തനികളും ഉൾപ്പെടുന്നു. 17 ശതമാനം ജീവികൾ വംശനാശ ഭീഷണിയുള്ളവയുടെ ഇന്റർനാഷണൽ യൂണിയൻ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടവയാണ്.


നമ്മൾ ഡിസ്പോസിബിൾ പ്ലാസ്റ്റിക് വസ്തുക്കൾ (ഭക്ഷണപ്പൊതികൾ, പ്ലാസ്റ്റിക് ബാഗുകൾ, റേസറുകൾ, കുപ്പികൾ മുതലായവ) വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യുകയും,​ അവ ശരിയായി സംസ്കരിക്കാത്തതിനാൽ മണ്ണിലും പുഴയിലും കായലിലും അവസാനം കടലിലും എത്തിച്ചേരുകയും ചെയ്യുന്നു. ഈ പ്ലാസ്റ്റിക് ഒന്നുകിൽ മൈക്രോപ്ലാസ്റ്റിക് കണങ്ങളായി വിഘടിക്കുന്നു. അല്ലെങ്കിൽ പൊങ്ങിക്കിടന്ന് മാലിന്യ പാച്ചുകളായി മാറുന്നു. പ്ലാസ്റ്റിക്കിന്റെ ഏകദേശം 10 ശതമാനം മാത്രമാണ് നിലവിൽ റീസൈക്കിൾ ചെയ്യുന്നത്. ബാക്കിയുള്ളവ കത്തിക്കുന്നതിലൂടെ വായു മലിനീകരണത്തിന് കാരണമാവുകയോ,​ സമുദ്രങ്ങളിലും പരിസ്ഥിതിയിലും എത്തിച്ചേരുകയും ചെയ്യുന്നു.

അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനം എല്ലാ വർഷവും സെപ്തംബറിലെ മൂന്നാമത്തെ ശനിയാഴ്ച ആഗോളതലത്തിൽ ആഘോഷിക്കുന്നുണ്ട്. ഇത്തവണ അത് ഇക്കഴിഞ്ഞ 21-നായിരുന്നു. സന്നദ്ധ സംഘടനകളും പ്രാദേശിക സമൂഹവും ഭാരത സർക്കാരും ചേർന്ന് ഇന്ത്യയുടെ മുഴുവൻ തീരപ്രദേശത്തും "സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ" എന്ന ശുചീകരണ കാമ്പയിൻ നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാമ്പെയ്നിന് നേതൃത്വം നൽകുന്നത്. പ്ലാസ്റ്റിക് ഉപയോഗം സമുദ്ര ജീവിതത്തെ എങ്ങനെ നശിപ്പിക്കുന്നു എന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുകയാണ് പ്രചാരണ ലക്ഷ്യം. കടലിനെ മലിനമാക്കില്ലെന്ന് നമ്മളോരോരുത്തരും പ്രതിജ്ഞ ചെയ്യണം.