കൊച്ചി: ആകർഷകമായ പാക്കേജ് ഒരുക്കി യാത്രക്കാരെ ഡൽഹി വരെയെത്തിച്ച ശേഷം വാക്കുപാലിക്കാതിരുന്ന ടൂർ കമ്പനിക്കെതിരേ നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശി പി.കെ. വിശ്വനാഥനാണ് ട്രാവൽ വിഷൻ ഹോളിഡേയ്‌സ് എന്ന സ്ഥാപനത്തിനെതിരെ പരാതി നൽകിയത്.

ഡൽഹി, ആഗ്ര, കുളു, മണാലി, അമൃതസർ, വാഗാ അതിർത്തി തുടങ്ങിയ കേന്ദ്രങ്ങളിൽ കൊണ്ടുപോകുമെന്ന് വിശ്വസിപ്പിച്ചാണ് ബുക്കിംഗ് സ്വീകരിച്ചത്. എന്നാൽ വാഗ്ദാനം ചെയ്തതുപോലുള്ള ആഡംബര വാഹന, താമസ സൗകര്യങ്ങൾ നൽകിയില്ല. സന്ദർശിക്കാനുള്ള സ്ഥലങ്ങളും വെട്ടിച്ചുരുക്കി.

പരാതിക്കാരനും ഭാര്യയും അടക്കം 42 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വിനോദയാത്രാ സംഘത്തിലെ ഭൂരിഭാഗം യാത്രക്കാർക്കും ഭക്ഷ്യവിഷബാധ ഉണ്ടായി.

മികച്ച സൗകര്യങ്ങൾ തന്നെ നൽകിയെന്ന് ചില ഫോട്ടോകൾ കാണിച്ച് ടൂർ കമ്പനി വാദിച്ചെങ്കിലും അവ വിശ്വാസ യോഗ്യമല്ലെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 75,000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാർക്ക് നൽകാൻ ഉത്തരവായത്.