
കൊച്ചി: മൂന്നര പതിറ്റാണ്ടിലേറെയായി മരവിച്ചു കിടന്ന തമ്മനം - പുല്ലേപ്പടി റോഡിന്റെ വികസനം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കുന്നതും എം.ജി.റോഡിൽ നിന്ന് ഇടപ്പള്ളി ബൈപ്പാസിലേക്ക് എളുപ്പം എത്താനാകുന്നതുമാണ് ഈ പദ്ധതി. സൗജന്യമായി വിട്ടു നൽകിയതും ഏറ്റെടുത്തതുമായ ഭൂമി നിലവിൽ റവന്യൂ വകുപ്പിന്റെ കൈവശമാണുള്ളത്. ഇത് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതോടെ വികസനം അടുത്ത ഘട്ടത്തിലേക്ക് കടക്കും.
വിവിധ വകുപ്പുകളുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലമാണ് റോഡ് വികസനം വൈകിയത്. പലപ്പോഴായി സമരങ്ങൾ ഏറെ നടന്നെങ്കിലും വികസനം മാത്രം നീണ്ടു. നിലവിൽ കോർപ്പറേഷന്റെ പദ്ധതിരേഖ പ്രകാരമാകും വികസന പ്രവർത്തനങ്ങൾ മുന്നോട്ട് പോവുകയെന്നാണ് സൂചന. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് വികസന പദ്ധതിയെങ്കിലും കിഫ്ബിയുടെ പദ്ധതിരേഖയിൽ വ്യാപക എതിർപ്പുയർന്നിരുന്നു. വിശദമായ പദ്ധതി റിപ്പോർട്ടാണ് തയാറാക്കിയിട്ടുള്ളത് എന്നതിനാൽ കിഫ്ബി ഫണ്ടും കാലതാമസമില്ലാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. റോഡ് കൈമാറ്റത്തിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിന് കളക്ടർ തലത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വികസനം നടന്നാൽ
ഇടപ്പള്ളി-പാലാരിവട്ടം-കലൂർ-കച്ചേരിപ്പടി-എം.ജി റോഡ്, സഹോദരൻ അയ്യപ്പൻ റോഡ് വഴിയുള്ള ഗതാഗത കുരുക്കിൽ പെടാതെ നഗരത്തിലേക്കും തിരിച്ചും യാത്രാ സൗകര്യം.
ആറ് ഘട്ടങ്ങളിലായി പലയിടത്തും വികസന പ്രവർത്തനങ്ങൾ നടന്നു.
നീളം- 2.200കി.മീ
നിലവിലെ വീതി- 12 മീറ്റർ
നിർദിഷ്ട വീതി- 48മീറ്റർ
തുടക്കം- പുല്ലേപ്പടി (പത്മ)
അവസാനം- ചളിക്കവട്ടം ബൈപ്പാസ്
അലൈൻമെന്റ് സംബന്ധിച്ച കാര്യങ്ങൾക്ക് ഏകദേശ തീരുമാനമായിട്ടുണ്ട്. തമ്മനം- പുല്ലേപ്പടി റോഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗം വർദ്ധിപ്പിക്കാൻ സർക്കാരിൽ ശ്രദ്ധ ചെലുത്തും.
ടി.ജെ. വിനോദ് എം.എൽ.എ
മുൻപെങ്ങുമില്ലാത്ത വിധം വേഗത്തിലാണ് നടപടികൾ മുന്നോട്ട് പോകുന്നത്. ഓരോ ഘട്ടവും കൃത്യമായ പദ്ധതികളുടെ അടിസ്ഥാനത്തിലാണ് നീങ്ങുന്നത്. അധികം വൈകാതെ തമ്മനം പുല്ലേപ്പടി റോഡ് വികസനം യാഥാർത്ഥ്യത്തിവലേക്ക് നീങ്ങും.
അഡ്വ.എം. അനിൽ കുമാർ
മേയർ