y

തൃപ്പൂണിത്തുറ: അടച്ചിട്ട ഉദയംപേരൂർ ശ്മശാനം തുറന്നു പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് (ഐ) ഉദയംപേരൂർ നോർത്ത് സൗത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ശവമഞ്ചവുമായി ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് ടി.വി. ഗോപിദാസ് അദ്ധ്യക്ഷനായി. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എം.പി. ഷൈമോൻ, ജൂബൻ ജോൺ, സാജു പൊങ്ങലായി, ഇ.എസ്. ജയകുമാർ, കെ.വി. രത്നാകരൻ, ശാലിനി ജയകുമാർ, ബിനു ജോഷി, സ്മിത രാജേഷ്, നിഷ ബാബു, നിമിൽ രാജ് എന്നിവർ സംസാരിച്ചു.

അതേസമയം,​ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ശ്മശാനം അടച്ചെന്നുള്ള കെട്ടുകഥയുമായി യു.ഡി.എഫുകാർ നടത്തിയ ധർണ തികച്ചും രാഷ്ട്രീയ പ്രേരിതവും പഞ്ചായത്തിന്റെ സത്പേരിനെ കളങ്കപ്പെടുത്തുന്നതുമാണെന്ന് ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി പറഞ്ഞു. ശ്മശാനം നടത്തിപ്പുകാരൻ ഒഴിഞ്ഞപ്പോൾ പകരം യു.ഡി.എഫ് അംഗങ്ങൾ കൂടി പങ്കെടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ ആലോചിച്ച് നിലവിലുള്ള ലിസ്റ്റിലെ രണ്ടാമത്തെ ആളെ ശ്മശാനത്തിന്റെ ചുമതലക്കാരനായി നിശ്ചയിച്ചിട്ടുണ്ടെന്നും 20ന് രാവിലെയും 7-ാം വാർഡിലെ ഒരു ശവസംസ്കാരം ബുക്ക് ചെയ്തിട്ടുണ്ടെന്നും സജിത മുരളി കൂട്ടിച്ചേർത്തു.