kaumudi
ഇന്നലെ 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്ത

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ പെരിയാർ തീരത്ത് 10 കോടി വിലമതിക്കുന്ന 40 സെന്റ് റവന്യൂ ഭൂമി സ്വകാര്യവ്യക്തി കൈയേറിയിട്ടും മൂന്നാഴ്ചയോളം മൗനത്തിലായിരുന്ന പഞ്ചായത്ത് ഭരണസമിതി സംഭവം വിവാദമായപ്പോൾ ഇന്ന് അടിയന്തര യോഗം വിളിച്ചു. വൈകിട്ട് നാല് മണിക്ക് യോഗം നടക്കുമെന്ന് പ്രസിഡന്റ് രാജി സന്തോഷ് അറിയിച്ചു. 'രാഷ്ട്രീയ - ഉദ്യോഗസ്ഥ മൗനാനുവാദം: പെരിയാർ തീരത്ത് റവന്യു ഭൂമിയിൽ വൻ കൈയേറ്റം' എന്ന തലക്കെട്ടിൽ ഇന്നലെത്തെ 'കേരളകൗമുദി' വാർത്തയെ തുടർന്ന് കോൺഗ്രസ് അംഗങ്ങളുടെ അടിയന്തര പാർലമെന്ററി പാർട്ടി യോഗം ചേർന്നാണ് അടിയന്തര പഞ്ചായത്ത് കമ്മിറ്റി ചേരാൻ തീരുമാനിച്ചത്. റവന്യൂ ഭൂമിയിൽ വഴിയുണ്ടാക്കി വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചതിനെതിരെ വാർഡ് മെമ്പറും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ റൂബി ജിജി പരാതിയുമായെത്തിയിട്ടും അധികൃതർ മൗനത്തിലായിരുന്നു.

ബുധനാഴ്ച വൈകിട്ടും 25ന് നടക്കുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ അജണ്ടയായി ഉൾപ്പെടുത്തുമെന്നാണ് പ്രസിഡന്റ് അറിയിച്ചിരുന്നത്. എന്നാൽ കേരളകൗമുദി വാർത്തയെ തുടർന്ന് അടിയന്തര കമ്മിറ്റി നിശ്ചയിച്ചതിന് പുറമെ കേൈയേറ്റ ഭൂമിയിൽ നെറ്റ് കെട്ടി അതിർത്തി സംരക്ഷിക്കുകയും ചെയ്തു. പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി എന്നിവരുടെ നേതൃത്വത്തിലാണ് നെറ്റ് സ്ഥാപിച്ചത്. കയ്യേറ്റത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ വാർഡ് മെമ്പറെ അറിയിക്കാതെയായിരുന്നു അതിർത്തി സംരക്ഷണ നാടകം.

പരിശോധിക്കുമെന്ന് തഹസിൽദാർ

ചൂർണിക്കരയിൽ റവന്യൂ ഭൂമി കൈയേറി വഴിയുണ്ടാക്കുകയും വൈദ്യുതി ലൈൻ വലിക്കുകയും ചെയ്ത വിഷയത്തിൽ പരിശോധിച്ച് തീരുമാനം എടുക്കും. താൻ രണ്ടാഴ്ച്ച മുമ്പാണ് ചുമതലയേറ്റത്. അതിന് മുമ്പ് നടന്ന സംഭവമായതിനാൽ വിഷയം പരിശോധിക്കേണ്ടിവരും

ഡിക്സി ഫ്രാൻസിസ്

തഹസിൽദാർ

ആലുവ

പഞ്ചായത്തിന്റെ ഒത്താശയെന്ന് ബി.ജെ.പി

പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെയാണ് പെരിയാർ തീരത്തെ കോടികൾ വിലമതിക്കുന്ന ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയത്. കയ്യേറ്റത്തിന് മുമ്പായി മാലിന്യം നീക്കാനെന്ന വ്യാജേനയാണ് വഴി വെട്ടിത്തെളിക്കാൻ പഞ്ചായത്ത് അനുവദിച്ചത്. സംഭവം വിവാദമായപ്പോൾ അടിയന്തര യോഗം ജനങ്ങളെ കബളിപ്പിക്കാനാണ്.

സനീഷ് കളപ്പുരക്കൽ,

ജില്ലാ ട്രഷറർ

പട്ടികജാതി മോർച്ച

ഭൂവുടമ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ റവന്യു വകുപ്പിന്റെ സ്ഥലത്തെ വള്ളിപ്പടപ്പുകളും മാലിന്യങ്ങളും നീക്കുന്നതിന് കഴിഞ്ഞ മാർച്ച് 12ന് പഞ്ചായത്ത് കമ്മിറ്റി രേഖാമൂലം അനുമതിയിരുന്നു. ഇതിലൂടെ വളഞ്ഞവഴിയിൽ കയ്യേറ്റത്തിന് സ്വകാര്യ വ്യക്തിക്ക് പഞ്ചായത്ത് സൗകര്യം ചെയ്യുകയായിരുന്നുവെന്നാണ് ആക്ഷേപം.