koovady

കുറുപ്പംപടി: വേങ്ങൂർ സാമൂഹ്യാരോഗ്യ കേന്ദ്രം ഇനി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി മാറും. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നത്. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. കുട്ടികളുടെ കുത്തിവെപ്പ് കേന്ദ്രം, കാത്തിരിപ്പ് കേന്ദ്രം, ഒ.പി ടിക്കറ്റ് കൗണ്ടർ, പഴയ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ എന്നിവയാണ് പൂർത്തീകരിച്ചത്. ദേശിയ ആരോഗ്യ ദൗത്യം ഫണ്ടിൽ നിന്ന് 37.5 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഓഫിസ് സൗകര്യങ്ങളും ഇതോടൊപ്പം വർദ്ധിപ്പിച്ചു. ആരോഗ്യ കേന്ദ്രം ദേശിയ നിലവാരത്തിലേക്ക് ഉയർത്തി അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ.ടി. അജിത് കുമാർ പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് നിർമ്മാണം പുരോഗമിക്കുകയാണ്. 2 മാസങ്ങൾ കൊണ്ട് നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബെഹന്നാൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ, പഞ്ചായത്ത് പ്രസിഡന്റ്‌ ശില്പ സുധീഷ്, മുൻ എം.എൽ.എ സാജു പോൾ എന്നിവർ പങ്കെടുക്കും.