sahrudaya

കൊച്ചി: സാധാരണക്കാരുടെ ഒപ്പം നടന്ന് ഒരുമിച്ചു വളരുക എന്ന സന്ദേശം പ്രാവർത്തികമാക്കുന്ന സന്നദ്ധസംഘടനകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മേയർ അഡ്വ.എം.അനിൽകുമാർ പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന ഏജൻസി സഹൃദയയുടെ മൈക്രോ ഫിനാൻസ് വിഭാഗമായ വെസ്കോ ക്രഡിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംസഹായ സംഘം ആനിമേറ്റർമാരുടെ ഓണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1000 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനവും മേയർ നിർവഹിച്ചു. അതിരൂപതാ വികാരി ജനറൽ ഫാ.വർഗീസ് പൊട്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ രഞ്ജി അലക്‌സ് മുഖ്യ പ്രഭാഷണം നടത്തി. സഹൃദയയ്ക്ക് ഫെഡറൽ ബാങ്കിന്റെ ഉപഹാരവും അദ്ദേഹം സമർപ്പിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, കൗൺസിലർ സക്കീർ തമ്മനം, ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ടി.എസ്‌. മോഹൻദാസ്, പാലാരിവട്ടം ബ്രാഞ്ച് മാനേജർ സ്‌നേഹ എം. നായർ, സഹൃദയ അസി.ജനറൽ മാനേജർ സുനിൽ സെബാസ്റ്റ്യൻ, വെസ്‌കോ ക്രഡിറ്റ് ജെ.എൽ.ജി ഡവലപ്‌മെന്റ് ഓഫീസർ സി.ജെ. പ്രവീൺ എന്നിവർ സംസാരിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച ബ്രാഞ്ച് മാനേജർമാർക്കും കോർഡിനേറ്റർമാർക്കുമുള്ള പുരസ്‌കാരങ്ങൾ യോഗത്തിൽ വിതരണം ചെയ്തു.