
പെരുമ്പാവൂർ: മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻനായരുടെ പേരിലുള്ള റോഡിന്റെ ദുരവസ്ഥ അവസാനിക്കുന്നില്ല. പാലം പണിക്ക് വേണ്ടി അടച്ചതാണ് ഈ റോഡ്. പാലം പണി പൂർത്തിയായിട്ടും റോഡ്പണി തീരാത്തതാണ് രണ്ടു വർഷമായിട്ടും ഗതാഗതത്തിനായി തുറന്ന് കൊടുക്കാത്തതിന് കാരണം. രായമംഗലം - വെങ്ങോല പഞ്ചായത്തുകളെയും രായമംഗലം പഞ്ചായത്തിലെ 13, 14 വാർഡുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പി.കെ.വി റോഡ്. പുത്തൂരാൻ കവല മലമുറി റോഡിലെ മനക്കപ്പടിയിൽനിന്ന് തുടങ്ങി പി.കെ.വി അന്ത്യവിശ്രമം കൊള്ളുന്ന കാപ്പിള്ളി തറവാടിന് മുന്നിലൂടെ പല്ലുവഴി വില്ലേജ് ഓഫീസ് കവലയിലേക്ക് പാനക്കാവ് വഴി കടന്ന് പോകുന്ന ഗ്രാമീണ റോഡാണിത്.
പാലത്തിന്റെ ചെലവ്
1 കോടി 14 ലക്ഷം
പാലം 1 മീറ്റർ പൊക്കി നിർമ്മിച്ചതിനാൽ റോഡും മണ്ണിട്ടു പൊക്കി ടാർ ചെയ്ത് പാലത്തിനു കൈവരിപിടിപ്പിക്കണം. എന്നാൽ കൈവരി ഇതുവരെയും പിടിപ്പിച്ചിട്ടില്ല.
റോഡ് പൊക്കി ടാർ ചെയ്ത് പാലത്തിനു കൈവരിയും പിടിപ്പിച്ചാൽ റോഡ് തുറന്നു കൊടുക്കാവുന്നതേയുള്ളു. മുമ്പ് കേരള കൗമുദി ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ഈ റോഡിന്റെ ഉദ്ഘാടനം ഓൺ ലൈനായി നിർവഹിച്ചതാണ്. ഉദ്ഘാടനം കഴിഞ്ഞ് 9 മാസം ആയിട്ടും ഇപ്പോഴും പഴയ അവസ്ഥ തന്നെ
അജിത്ത്
പ്രദേശവാസി