കൊച്ചി: എടത്തല എൻ.എ.ഡി കവല ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റ നിർമ്മാണം വേഗത്തിലാക്കുന്നതിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. തുടർനടപടികൾ സ്വീകരിക്കണമെന്ന് കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് എടത്തല ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. എൻ.എ.ഡിയുടെ അനുമതി ലഭിക്കാത്തതിനാൽ നിർമ്മാണം വൈകുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ ഇടപെടൽ.
26 വർഷം പഴക്കമുള്ള ബസ് കാത്തിരിപ്പുകേന്ദ്രംപൊളിച്ചുമാറ്റാൻ പഞ്ചായത്ത് ഭരണസമിതി 2023 ഫെബ്രുവരി 10ന് തീരുമാനമെടുത്തെങ്കിലും എൻ.എ.ഡി യുടെ സുരക്ഷാ മേഖലയായതിനാൽ അവരുടെ അനുമതി ആവശ്യമാണെന്ന് എടത്തല പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു. ഇതു സംബന്ധിച്ച് എൻ.എ.ഡിക്ക് നിരവധി കത്തുകൾ നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എൻ.എ.ഡി അധികൃതർ ചില കാര്യങ്ങളിൽ വ്യക്തത ആവശ്യപ്പെട്ട് 2023 നവംബർ 23 ന് കത്തയച്ചെങ്കിലും പഞ്ചായത്ത് സെക്രട്ടറി ഇതുവരെയും മറുപടി നൽകിയിട്ടില്ലെന്ന് പരാതിക്കാരനായ സി.ജി. പ്രസന്നകുമാർ കമ്മീഷനെ അറിയിച്ചു. ഇതിനാലാണ് എൻ. ഒ.സി നൽകാൻ വൈകുന്നതെന്നും പരാതിക്കാരൻ അറിയിച്ചു. കത്തിന്റെ പകർപ്പും പരാതിക്കാരൻ ഹാജരാക്കി. ഈ സാഹചര്യത്തിലാണ് തുടർ നടപടികൾക്ക് കമ്മിഷൻ നിർദ്ദേശം നൽകിയത്.