
മൂവാറ്റുപുഴ: ജയിൽ തടവുകാർക്ക് ഇനി അല്പ നേരം അക്ഷരലോകത്ത് ചെലവിടാം. മൂവാറ്റുപുഴ സ്പെഷ്യൽ സബ് ജയിലിൽ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ലൈബ്രറി ഒരുങ്ങുകയാണ്. തടവുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതോടൊപ്പം വായനയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പദ്ധതിയുടെ ഭാഗമായാണ് മൂവാറ്റുപുഴ സ്പെഷ്യൽ സബ് ജയിലിൽ ലൈബ്രറിക്ക് അംഗീകാരം ലഭിച്ചത്. ഇതുസംബന്ധിച്ച പദ്ധതിരേഖ ജയിൽ സൂപ്രണ്ട് സുരേഷ് ബാബു ബി. താലൂക്ക് ലൈബ്രറി കൗൺസിലിന് സമർപ്പിച്ചു. ഈ പദ്ധതിക്ക് കേരള സ്റ്റേറ്ര് ലൈബ്രറി കൗൺസിലിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ജയിൽലൈബ്രറി സജ്ജമാകും.
തടവുകാരെ കുറ്റവാളികളായി കാണാതെ അവരുടെ തടവുകാലം മാനസിക പരിവർത്തനത്തിന് സഹായകമാകുന്നതിനാണ് പദ്ധതി. ജയിൽ അന്തേവാസികൾക്കിടയിൽ വായനാശീലം വളർത്താനും ജീവിതത്തോടും സമൂഹത്തോടുമുള്ള അവരുടെ കാഴ്ചപ്പാടിൽ മാറ്റം കൊണ്ടുവരാനുമാണ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്.
തടവുകാർക്ക് നോവലുകൾ, നാടകങ്ങൾ, കഥകൾ, കവിതകൾ, ശാസ്ത്രം, വാണിജ്യം, ചരിത്രം, വിവരങ്ങൾ, മറ്റ് അനുബന്ധ പുസ്തകങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ വായിക്കാൻ കഴിയും.
55,555 രൂപയുടെ പദ്ധതി
55,555 രൂപയുടെ പദ്ധതികളാണ് ലൈബ്രറി സജ്ജീകരണങ്ങൾ ഒരുക്കുന്നതിനായി മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ അനുവദിച്ചിച്ചിട്ടുള്ളത്. പുസ്തകങ്ങൾ, ഷെൽഫുകൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, സെമിനാറുകൾ ,സാംസ്ക്കാരികപരി പാടികൾ എന്നിവയ്ക്കാണ് ഫണ്ട് വിനിയോഗിക്കുക. നിലവിൽ ആയിരത്തിലധികം പുസ്തകങ്ങൾ മൂവാറ്റുപുഴ സ്പെഷ്യൽ സബ്ജയിൽ ലൈബ്രറിയിലുണ്ട്.