
സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ കേരളത്തിലെ ലാ കോളേജുകളിലേക്ക് നടത്തിയ മൂന്ന് വർഷ, അഞ്ചു വർഷ എൽ എൽ.ബി കോഴ്‌സുകളിലേക്കുള്ള കേരള ലാ കോളേജ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തുടർ നടപടിക്രമങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നിരവധി സംശയങ്ങളുണ്ട്.
കേരളത്തിൽ സർക്കാർ, സ്വശ്രയ ലാ കോളേജുകളിൽ അഞ്ചു വർഷ എൽ എൽ.ബി കോഴ്‌സിന് 2630 സീറ്റുകളും മൂന്ന് വർഷ എൽ എൽ.ബി കോഴ്‌സിന് 990 സീറ്റുകളുമുണ്ട്. ബിരുദാനന്തര പ്രോഗ്രാമായ രണ്ടു വർഷ എൽ എൽ.എമ്മിന് 156 സീറ്റുകളുമുണ്ട്.
KLEE- 24 റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ കമ്മിഷണർ പ്രത്യേകം ഓൺലൈൻ കൗൺസലിംഗ് നടത്തും. രണ്ടു ഘട്ടങ്ങളായാണ് കൗൺസലിംഗ്. തുടർന്ന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രെ റൗണ്ടുണ്ടാകും. വിദ്യാർത്ഥികൾക്ക് റാങ്ക് നിലവാരം, മുൻവർഷങ്ങളിൽ ലഭിച്ച അവസാന റാങ്ക്, ഫീസ് എന്നിവ വിലയിരുത്തി ഓപ്ഷൻ നൽകാം. താത്പര്യമുള്ള കോളേജുകൾ കണ്ടെത്തണം. ഗവണ്മെന്റ് കോളേജുകൾക്ക് മുൻഗണന നൽകാം. സ്വാശ്രയ കോളേജുകളിൽ 50 ശതമാനം മെരിറ്റ്, 50 ശതമാനം മാനേജ്‌മെന്റ് ക്വോട്ട സീറ്റുകളുണ്ട്. ഓരോ ക്വോട്ടയിലും ഫീസ് വ്യത്യസ്തമാണ്.
പ്ലസ് ടുവിനു ശേഷം
..........................................
പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അഞ്ചു വർഷ എൽ എൽ.ബി പ്രോഗ്രാമിന് ചേരാം. ഇതിൽ ബി.എ എൽ എൽ.ബി, ബി.കോം എൽ എൽ.ബി, ബി.ബി.എ എൽ എൽ.ബി പ്രോഗ്രാമുകളുണ്ട്.
ബിരുദം പൂർത്തിയാക്കിയവർക്ക് മൂന്ന് വർഷ എൽ എൽ.ബി പ്രോഗ്രാമിന് ചേരാം.
അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എൽ എൽ.ബി പ്രോഗ്രാമിന് 1980 സീറ്റുകളുണ്ട്. നാലു സർക്കാർ കോളേജുകളിലായി (തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്) 360 സീറ്റുകളുണ്ട്. 22 സ്വാശ്രയ/സ്വകാര്യ കോളേജുകളിൽ 1620 സീറ്റുകളുണ്ട്.
എൽ എൽ.ബിക്ക് നാലു സർക്കാർ കോളേജുകളിൽ 420- ഉം, 11 സ്വാശ്രയ/ സ്വകാര്യ കോളേജുകളിൽ 690- ഉം സീറ്റുകളുണ്ട്.
കഴിഞ്ഞ വർഷത്തെ അവസാന റാങ്കുകൾ
.........................................
സർക്കാർ കോളേജുകളിൽ 2023ലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എൽ എൽ.ബി പ്രോഗ്രാം സ്റ്റേറ്റ് മെരിറ്റ് അവസാന റാങ്ക് നോക്കാം. തിരുവനന്തപുരം ബി.എ എൽ എൽ.ബി-293, എറണാകുളം ബി.കോം എൽ എൽ.ബി- 115, തൃശൂർ ബി.ബി.എ എൽ എൽ.ബി-350, കോഴിക്കോട് ബി.ബി.എ എൽ എൽ.ബി-392.
കൗൺസലിംഗ് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ശ്രദ്ധയോടെ വേണം രജിസ്‌ട്രേഷനും ചോയ്‌സ് ഫില്ലിംഗും നടത്താൻ. താത്പര്യം, ഉപരിപഠന, തൊഴിൽ സാദ്ധ്യതകൾ എന്നിവ വിലയിരുത്തണം. എൽ എൽ.ബി, എൽ എൽ.എം പ്രോഗ്രാമുകൾക്ക് പ്രത്യേകം ഓൺലൈൻ കൗൺസലിംഗ് പ്രക്രിയകളുണ്ട്. കൂടുതൽ വിവരങ്ങൾ പ്രോസ്‌പെക്ടസ്സിൽ നിന്നു ലഭിക്കും.
www.cee.kerala.gov.in.