
കൊച്ചി: ഓണക്കാലത്ത് കുടുംബശ്രീ വിപണന മേളകളിൽ എറണാകുളം ജില്ല തിളങ്ങി. സി.ഡി.എസ് തലത്തിലും ജില്ലാ തലത്തിലുമായി സംഘടിപ്പിച്ച മേളകളിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടിയത് എറണാകുളം ജില്ലയാണ്. പങ്കെടുത്ത കുടുംബശ്രീ സംരംഭകർക്ക് വരുമാനം ലഭിക്കും.
വിപണന മേളകൾ, കാർഷിക സൂക്ഷ്മസംരംഭ യൂണിറ്റുകൾ, ഉത്പന്നങ്ങൾ എന്നിവയുടെ എണ്ണത്തിലും സംരംഭകരുടെ പങ്കാളിത്തത്തിലും മുൻവർഷത്തെ അപേക്ഷിച്ച് വിലയ വർദ്ധന ഇക്കുറി ഉണ്ടായി.
205 ഓണ വിപണികളിൽ നിന്ന് 3.5 കോടി രൂപയുടെ വിറ്റുവരവുണ്ടായി. രണ്ടാമത് ആലപ്പുഴ ജില്ലയാണ് 164 മേളകളിൽ നിന്ന് 3.4 കോടി.
186 മേളകളിൽ നിന്ന് 3.3 കോടിയുമായി തൃശൂർ മൂന്നാമതും എത്തി. വിപണനമേളകളുടെ എണ്ണത്തിലും എറണാകുളം ജില്ലയാണ് മുന്നിൽ. ആകെ 205 മേളകൾ. 186 വിപണനമേളകളുമായി തൃശൂരും 182 മേളകളുമായി കണ്ണൂരും യഥാക്രമം രണ്ടു മൂന്നും സ്ഥാനത്തെത്തി.
ആകെ 28.47 കോടിയുടെ വരുമാനം
സംസ്ഥാനത്ത് 28.47 കോടിയുടെ വിറ്റുവരവാണ് നേടിയത്. സംരംഭങ്ങളുടെ വിപണനത്തിലൂടെ 19.58 കോടിയും കാർഷികോത്പന്നങ്ങളുടെ വിപണനത്തിലൂടെ 8.89 കോടിയും. ഈ വർഷം 43359 സൂക്ഷ്മ സംരംഭ യൂണിറ്റുകൾ വിവിധ ഉത്പന്നങ്ങളുമായി മേളയിലെത്തി. കഴിഞ്ഞ വർഷം ഇത് 28401 ആയിരുന്നു. ഇത്തവണ 26816 വനിതാ കർഷക സംഘങ്ങൾ വിപണിയിലേക്ക് കാർഷികോത്പന്നങ്ങൾ എത്തിച്ചു. മുൻവർഷത്തേക്കാൾ 5826 യൂണിറ്റുകളുടെ അധിക പങ്കാളിത്തം.
പൂവിപണിയിലും സജീവം
ഓണം വിപണിയിൽ പൂവിനുള്ള ആവശ്യകത തിരിച്ചറിഞ്ഞ് ഇത്തവണ കൂടുതൽ കർഷകർ പൂക്കൃഷിയിൽ സജീവമായി. 3000 വനിതാ കർഷകർ 1253 ഏക്കറിൽ ജമന്തി, മുല്ല, താമര എന്നിവ ഉൾപ്പെടെ കൃഷി ചെയ്ത് പൂക്കൾ വിപണിയിലെത്തിച്ചു. കഴിഞ്ഞ വർഷം 780 ഏക്കറിൽ 1819 കർഷകരാണുണ്ടായിരുന്നത്.
ജില്ലയിലെ വിവരം
ആകെ വരുമാനം- 3.5കോടി
കുടുംബശ്രീ സംരംഭക വില്പന- 29592422
ജെ.എൽ.ജികളിലൂടെയുള്ള വരുമാനം- 60 ലക്ഷം
വിപണന മേളകൾ- 205
പങ്കെടുത്ത സംരംഭകർ- 5597
ജെ.എൽ.ജി പങ്കാളിത്തം- 3102
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വരുമാനമാണ് ലഭിച്ചത്. സംരംഭകർക്കും കർഷകർക്കും വലിയ പിന്തുണയാണ് ജനങ്ങൾ നൽകിയത്
ടി.എം. റജീന
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ
കുടുംബശ്രീ