കൊച്ചി: പൂനെ ഏണസ്റ്റ് ആൻഡ് യംഗ് (ഇ.വൈ) കമ്പനിയിലെ അമിത ജോലിഭാരത്താൽ കുഴഞ്ഞു വീണു മരിച്ച അന്ന സെബാസ്റ്റ്യന്റെ
കങ്ങരപ്പടിയിലെ പേരയിൽ വീട് ഇപ്പോൾ ശോകമൂകം.
അമ്മ അനിതയുടെ കണ്ണീർ തോർന്നിട്ടേയില്ല. മകളുടെ മരണശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. എസ്.ബി.ഐ മാനേജരായിരുന്ന അനിത കേരളത്തിന് പുറത്തേക്ക് സ്ഥലംമാറ്റം വന്നപ്പോൾ വി.ആർ.എസ് എടുക്കുകയായിരുന്നു. വീട്ടിൽ അനിതയും ഭർത്താവ് സിബിയും അനിതയുടെ മാതാവും മാത്രമാണുളളത്.
ആർക്കിടെക്ടായ മൂത്തമകൻ അരുൺ അഗസ്റ്റിന്റെ വിവാഹം ഡിസംബറിൽ നിശ്ചയിച്ചിരുന്നു. അന്നയ്‌ക്കും വിവാഹാലോചനകൾ നടക്കുമ്പോഴാണ് ഇടിത്തീപോലെ വിയോഗമെന്ന് പിതാവ് സിബി ജോസഫ് കേരളകൗമുദിയോടു പറഞ്ഞു.
അന്ന ഓടിക്കളിച്ചു വളർന്ന വീടാണിത്. ഓർമ്മകൾ വിട്ടുപോകുന്നില്ല. രാജഗിരി സ്കൂളിലും തേവര എസ്.എച്ച് കോളേജിലും എറണാകുളത്തെ ലോജിക് ഇൻസ്റ്റിറ്റ്യൂട്ടിലുമായിരുന്നു പഠനം. രണ്ടാംചാൻസിൽ ഡിസ്റ്റിംഗ്ഷനോടെയാണ് സി.എ പാസായത്. ഗുജറാത്തിലെ ഐ.ആർ.എം.എയിൽ ജോലി ലഭിച്ചിട്ടും വേണ്ടെന്നു വച്ചു. മികച്ച കരിയർ സ്വപ്നം കണ്ടാണ് ലോകത്തെ അറിയപ്പെടുന്ന ഓഡിറ്റിംഗ് കമ്പനിയിലെ ദുരിതജോലി അവൾ തുടർന്നത്.
അരുൺ ബംഗളൂരുവിലെ ലിയേ അസോസിയേറ്റ് സൗത്ത് ഏഷ്യ കമ്പനി ജീവനക്കാരനാണ്. ഹരിദ്വാറിലെ ടെമ്പിൾസിറ്റി പ്രോജക്ടിനായി അവിടെയാണിപ്പോൾ.
മാർച്ചിൽ ജോലിക്ക് കയറിയശേഷം അന്ന രണ്ടുപ്രാവശ്യം വീട്ടിലെത്തിയിരുന്നു. ജൂലായ് 20നാണ് മരണം. പൂനെയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം എത്തിച്ച മൃതദേഹം 23ന് കാക്കനാട് തേവയ്ക്കൽ സെന്റ് മേരീസ് കത്തോലിക്കാപള്ളി സെമിത്തേരിയിലാണ് അടക്കിയത്.
അന്നയുടെ പേരിൽ ഫൗണ്ടേഷൻ
അന്നയുടെ ഓർമ്മയ്ക്കായി ഇ.വൈ ഇന്ത്യ വർഷം പത്തുകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ഫൗണ്ടേഷൻ ആരംഭിക്കുമെന്ന് ചെയർമാൻ രാജീവ് മേമാനി അറിയിച്ചതായി സിബി ജോസഫ് പറഞ്ഞു. മേമാനിക്ക് അനിത അയച്ച കത്ത് ചോർന്നതോടെയാണ് അന്നയുടെ മരണം രാജ്യത്ത് ചർച്ചയായത്. മേമാനി വീട് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇ.വൈ സീനിയർ മാനേജർ രോഹിത് ജയിനും എച്ച്,ആർ മാനേജർ ശ്രുതിയും പാർട്ണർമാരായ കോട്ടയം സ്വദേശിയും മറ്റൊരാളും ബുധനാഴ്ച കുടുംബത്തിൽ എത്തിയിരുന്നു.