വൈപ്പിൻ: ശ്രീ നാരായണഗുരുദേവന്റെ മഹാസമാധി ദിനാചരണം ഉപവാസം, പ്രാർത്ഥന, പ്രഭാഷണങ്ങൾ, പ്രസാദ വിതരണം, ദീപക്കാഴ്ച എന്നിവയോടെ ഇന്ന് വൈപ്പിൻ കരയിലെ വിവിധ കേന്ദ്രങ്ങളിൽ ആചരിക്കും.
എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ, എടവനക്കാട് നോർത്ത് ശാഖ എന്നിവയുടെ ആഭിമുഖ്യത്തിൽ എടവനക്കാട് ശ്രീനാരായണ ഭവനിൽ ഗുരുപൂജ, ഉപവാസം എന്നിവയുണ്ടാകും. യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ സി.വി. ബാബു, സി.കെ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
ചെറായി ശ്രീ ഗൗരീശ്വരക്ഷേത്രത്തിൽ വി.വി. സഭ പ്രസിഡന്റ് കെ.കെ. പരമേശ്വരൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. മുനമ്പം ഗുരുദേവ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് കെ.എൻ. മുരുകൻ, രാധാനന്ദനൻ തുടങ്ങിയവർ നേതൃത്വം നല്കും.
ചെറായി നെടിയാറ ക്ഷേത്രത്തിൽ രാവിലെ മേൽശാന്തി സുനിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജ നടക്കും. ചെറായി നോർത്ത് ശാഖയിൽ വാരിശേരി ക്ഷേത്രം, ഗുരുമന്ദിരം, ഈഴവസമുദായം കുടുംബയൂണിറ്റ് ഹാൾ, സുരാജിന്റെ വസതി എന്നിവിടങ്ങളിലും സമാധി ദിനാചരണം നടക്കും. മേൽശാന്തി എ.ആർ പ്രകാശൻ കാർമ്മകത്വം വഹിക്കും. യൂണിയൻ ഭാരവാഹികൾക്ക് പുറമെ കെ.കെ. രത്‌നൻ, ബേബി നടേശൻ, കെ.ആർ. മോഹനൻ, വി.ആർ. രാജീവ്, ഷീല ഗോപി, ബിനുരാജ്, അമരേഷ് തുടങ്ങിയവർ സംസാരിക്കും.
അയ്യമ്പിള്ളി പഴമ്പിള്ളി ക്ഷേത്രത്തിലെ ചടങ്ങുകളിൽ യൂണിയൻ ഭാരവാഹികൾ പങ്കെടുക്കും. എടവനക്കാട് സൗത്ത് ശാഖയിൽ ഉച്ചയ്ക്ക് 12ന് സാംസ്കാരിക സമ്മേളനം നടക്കും. എളങ്കുന്നപ്പുഴ ശാഖ, പുതുവൈപ്പ് ശ്രീനാരായണ നഗറിലെ മഹാവിഷ്ണക്ഷേത്രം, ഓച്ചന്തുരുത്ത് ശാഖ, നായരമ്പലം നോർത്ത് ശാഖ എന്നിവിടങ്ങളിലും മഹാസമാധി ചടങ്ങുകൾ വിപുലമായി നടക്കും.