
കൊച്ചി: രാജ്യത്തെ പ്രമുഖ ടൂറിസം വിപണനമേളയായ കേരള ട്രാവൽ മാർട്ടിൽ (കെ.ടി.എം) റെക്കാഡ് പങ്കാളിത്തം. 76 രാജ്യങ്ങളിലെ 808 വിദേശ ടൂറിസം കമ്പനികൾ ഉൾപ്പെടെ 2,800 രജിസ്ട്രേഷനുകൾ ലഭിച്ചു. 27 മുതൽ 29 വരെ കൊച്ചി വില്ലിംഗ്ഡൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിലാണ് മേള.
രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ട്രാവൽ മാർട്ടിന്റെ ഉദ്ഘാടനം 26ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയാകും.
2018നുശേഷം ലഭിക്കുന്ന ഏറ്റവും വലിയ രജിസ്ട്രേഷനാണ് ഇക്കുറിയെന്ന് കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. യു.കെ (67), യു.എസ്.എ (55), ഗൾഫ് (60), യൂറോപ്പ് (245), റഷ്യ (34), ആഫ്രിക്ക (41) എന്നിവടങ്ങളിൽ നിന്നാണ് കൂടുതൽ രജിസ്ട്രേഷൻ.
കേരളത്തെ അറിയാൻ ടൂർ ഓപ്പറേറ്റർമാർക്കായി യാത്രകൾ സംഘടിപ്പിക്കും. വയനാടിന് പ്രചാരം നൽകും.
വിവാഹം, സമ്മേളനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതികൾക്കാണ് ഈ വർഷം പ്രാധാന്യം. കെ.ടി.എം സെക്രട്ടറി എസ്. സ്വാമിനാഥൻ, ട്രഷറർ ജിബ്രാൻ ആസിഫ്, ഭാരവാഹികളായ ബേബി മാത്യു സോമതീരം, എബ്രഹാം ജോർജ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.