ernakulam

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ മൂർത്തിക്ക് അര കിലോ സ്വർണ്ണം കൊണ്ട് പുതിയ ഉദരബന്ധം (അരപ്പട്ട) പണിയുന്നു. കൊച്ചിൻ ദേവസ്വം ബോർഡാണ് സ്വർണം നൽകുക. പണിക്കൂലിയും ബോർഡ് തന്നെ വഹിക്കും. മൊത്തം 26 ലക്ഷം രൂപയോളം ചെലവ് കണക്കാക്കുന്നു. ക്ഷേത്രത്തിനുള്ളിൽ വച്ച് തന്നെയാകും നിർമ്മാണം. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക അഡ്വ. കെ.കാർത്തികയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ അസി. കമ്മിഷണർ യകുൽദാസ്, പണ്ടംപാത്രം അസി. കമ്മിഷണർ മിനി, ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ എന്നിവരുടെ മേൽനോട്ടത്തിലാണ് നിർമ്മാണം. ഇതിനായി ക്വട്ടേഷൻ ക്ഷണിച്ചു. നിർമ്മാണ പ്രവൃത്തികൾ മുഴുവൻ വീഡിയോയിൽ ചിത്രീകരിക്കും. 75 വർഷത്തി​ലേറെ പഴക്കമുള്ളതാണ് നി​ലവി​ലെ അരപ്പട്ട. ഇത് ക്ഷേത്രത്തി​ൽ തന്നെ സൂക്ഷി​ക്കും.

ഉദരബന്ധവും ചന്ദ്രക്കലയും

ഒരു കി​ലോയോളം തൂക്കമുള്ള സ്വർണചന്ദ്രക്കലയുമാണ് എറണാകുളത്തപ്പന്റെ പ്രധാന തി​രുവാഭരണങ്ങൾ. രണ്ടും നി​ത്യവും ചാർത്തുന്നതാണ്. ചന്ദ്രക്കലകൾ, തിരുനാസിക, തൃക്കണ്ണ്, മണിമാലകൾ എന്നി​വ ഭക്തരുടെ സഹകരണത്തോടെ ഒന്നര വർഷം മുമ്പ് പുതുക്കി പണിതതാണ്. മൂന്ന് വൈരക്കല്ലുകളും ഒരു മാണി​ക്യകല്ലും ചന്ദ്രക്കലയുടെ ഭാഗമാണ്.

 സ്വർണക്കോലം അഴി​ച്ചു പണി​യും

ഉത്സവത്തി​ന് തി​ടമ്പ് എഴുന്നള്ളി​ക്കുന്ന ആനയുടെ പുറത്തേറ്റുന്ന അമൂല്യമായ സ്വർണക്കോലം അഴി​ച്ചു പണി​യാനും ബോർഡ് ഉത്തരവായി​ട്ടുണ്ട്. രണ്ട് വർഷം മുമ്പ് ഉത്സവത്തി​നി​ടെ മഴയി​ൽ കോലം നനഞ്ഞതി​നെ തുടർന്ന് കേടുപാടുകൾ സംഭവി​ച്ച ചുവന്ന തുണി മാറ്റാനാണ് അഴി​ച്ചുപണി​. ഈ കോലത്തി​ന്റെ മദ്ധ്യത്തി​ൽ പതി​പ്പി​ച്ചി​ട്ടുള്ള വലി​യ ഒറി​ജി​നൽ മരതക കല്ല് അമൂല്യവും അപൂർവ്വവുമാണ്. കൊച്ചി​ രാജാവ് സമർപ്പി​ച്ചതാണ് മരതകം. തൃപ്പൂണി​ത്തുറ ക്ഷേത്രത്തി​ലും സമാനമായ മരതകം രാജാവ് സമർപ്പി​ച്ചി​ട്ടുണ്ട്. ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒറ്റ ദിനം കൊണ്ട് കോലം അഴിച്ചുതുന്നിക്കെട്ടാനാണ് ഉത്തരവ്. ഇതും വീഡി​യോയി​ൽ ചി​ത്രീകരി​ക്കും.