
കൊച്ചി: വർണ്ണ വിസ്മയം തീർത്ത് ചിത്രങ്ങൾ, കൗതുകം തുളുമ്പുന്ന സെറാമിക് ശില്പങ്ങൾ... ഡർബാർഹാൾ ആർട് ഗ്യാലറിയിലെ പ്രദർശനം കാഴ്ചക്കാർക്ക് വിരുന്നാവുകയാണ്. പ്രശസ്ത ശില്പി ജി. രഘുവിന്റെ സെറാമിക് ശില്പ പ്രദർശനവും ലക്ഷ്മി നിവാസ് കളക്ടീവിന്റെ 'വൈകാരിക ജീവികൾ' (സെന്റിയന്റ് ബീയിംഗ്സ്) കലാ പ്രദർശനവുമാണ് വ്യത്യസ്ത ആസ്വാദനാനുഭവമൊരുക്കുന്നത്. ശില്പ പ്രദർശനം കൊൽക്കത്തയിലെ സീഗൾ പബ്ലിക്കേഷനും സെന്റിയന്റ് ബീയിംഗ്സ് ചിത്ര പ്രദർശനം അക്കാഡമിയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
മൂന്ന് പതിറ്റാണ്ടായി സെറാമിക്ക് ക്ലേ ഉപയോഗിച്ച് ശില്പങ്ങൾ ഉണ്ടാക്കുന്ന ജി. രഘു ഗ്രാമ ജീവിതത്തിന്റെ കഥപറയുന്ന തരത്തിലാണ് ശില്പങ്ങൾ ഒരുക്കിയിരിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങളേറെയുള്ള പ്രദർശനത്തിൽ 110 ശില്പങ്ങളുണ്ട്. പ്രകൃതിദുരന്തങ്ങൾ, യുദ്ധത്തിന്റെ ഭീകര കാഴ്ചയായി ഗുരുതര പരിക്കുകളേറ്റ സൈനികർ, കുട്ടികൾക്കെതിരായ അക്രമങ്ങൾ തുടങ്ങിയവയെല്ലാം കാഴ്ചക്കാരന്റെ മനസിലേക്ക് ആഴ്ന്നിറങ്ങും.
ഓരോ ദിശയിൽ നിന്നും നോക്കുമ്പോൾ വ്യത്യസ്ത മുഖ ഭാവങ്ങൾ തോന്നിക്കുന്ന സ്ത്രീ ശിലാരൂപങ്ങളും പ്രദർശനത്തിലുണ്ട്. സുനോജ്. ഡി- നമ്രത നിയോഗ് ദമ്പതിമാരുടെ 'വൈകാരിക ജീവികൾ' ചിത്രപ്രദർശനത്തിന് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ വൈകാരിക തലങ്ങളാണ് പ്രമേയം. 30വരെ നീളുന്ന പ്രദർശനം രാവിലെ 11 മുതൽ വൈകീട്ട് 7വരെയാണ്.