കൊച്ചി: ഭർത്താവിന്റെ സഹോദരനായ പൊലീസുകാരന് സഹായകരമായ നിലപാട് സ്വീകരിച്ച് വീട്ടമ്മയ്ക്ക് നീതി നിഷേധിക്കുന്നെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും. ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്ക് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയാണ് നിർദ്ദേശം നൽകിയത്. റിപ്പോർട്ട് രണ്ട് മാസത്തിനകം സമർപ്പിക്കണം. പരാതിക്കാരിയും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥരാണ്. പൊലീസുകാരനായ എതിർകക്ഷി തന്നെയും ഭർത്താവിനെയും കള്ളക്കേസിൽ കുടുക്കി ഉപദ്രവിക്കുകയാണെന്നാണ് പരാതി.
പരാതിക്കാരിയും എതിർകക്ഷിയും തമ്മിൽ കാലാകാലങ്ങളായി വസ്തുതർക്കം നിലനിൽക്കുന്നുണ്ടെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസിന്റെ റിപ്പോർട്ടിലുണ്ട്. എതിർകക്ഷിയുടെ ഭാര്യയുടെ മൊഴി പ്രകാരം നൽകിയ കേസ് പിന്നീട് തെറ്റാണെന്ന് മനസിലാക്കി കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയതും റിപ്പോർട്ടിലുണ്ട്. എന്നാൽ, പൊലീസുകാരനായ എതിർകക്ഷിക്ക് സഹായകരമായ നിലപാടാണ് പൊലീസിനെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ച സാഹചര്യത്തിലാണ് വിഷയം നേരിട്ട് അന്വേഷിക്കാൻ കമ്മീഷൻ തീരുമാനിച്ചത്.