
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വൈസ് ചാൻസലറായി പ്രൊഫ. ഡോ. എം. ജുനൈദ് ബുഷ്റി ഇന്ന് ചുമതലയേൽക്കും.
കുസാറ്റിലെ ഭൗതികശാസ്ത്ര വിഭാഗം പ്രൊഫസറും ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാനുമാണ് ജുനൈദ് ബുഷ്റി. 2000ൽ കേരള സർവകലാശാലയിൽ നിന്ന് ഗവേഷണം പൂർത്തിയാക്കിയ ജുനൈദ് ബുഷ്റി 2006ലാണ് കുസാറ്റിൽ അദ്ധ്യാപന ജീവിതമാരംഭിച്ചത്. കൊറിയയിലെ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി, തായ്വാനിലെ അക്കാഡമിയ സിനിക്ക, ജപ്പാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മോളിക്യുലാർ സയൻസിലെ ഡിപ്പാട്ട്മെന്റ് ഒഫ് ഇലക്ട്രോണിക് സ്ട്രക്ചർ, സ്പെയിനിലെ വലൻസിയ സർവകലാശാല, കേരള സർവകലാശാലയിലെ ഭൗതിക ശാസ്ത്രവിഭാഗം എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
2016 മുതൽ 2019 വരെ കുസാറ്റ് ഭൗതികശാസ്ത്ര വിഭാഗം മേധാവിയായിരുന്നു. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയൺമെന്റിന്റെ (കെ.എസ്.സി.എസ്.ടി.ഇ) ധനസഹായത്തോടെ രണ്ട് ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ട്. 2015 മുതൽ കുസാറ്റ് സെനറ്റംഗവുമാണ്.
നീറ്റ് പി.ജി പരീക്ഷയ്ക്ക് സുതാര്യത ഉറപ്പാക്കണമെന്ന ഹർജിയിൽ നോട്ടീസ്
ന്യൂഡൽഹി : നീറ്റ് പി.ജി പരീക്ഷയ്ക്ക് സുതാര്യത ഉറപ്പാക്കണമെന്ന ഹർജികളിൽ കേന്ദ്രസർക്കാരിനും നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസിനും സുപ്രീംകോടതി നോട്ടീസ്. ഒരാഴ്ചയ്ക്കകം മറുപടി സമർപ്പിക്കണം. പരീക്ഷയ്ക്ക് മൂന്നുദിവസം മുൻപ് നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് മാർക്കിടൽ നയത്തിൽ മാറ്റം വരുത്തിയതടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജികൾ. ആഗസ്റ്റ് 11നായിരുന്നു പരീക്ഷ. അവസാന നിമിഷ മാറ്റങ്ങളിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. അസാധാരണ നടപടിയാണെന്നും വിദ്യാർത്ഥികൾ വിഷമത്തിലാകുമെന്നും നിരീക്ഷിച്ചു. വിഷയം സെപ്തംബർ 27ന് വീണ്ടും പരിഗണിക്കും.
വനിതാ കമ്മിഷൻ മേഖലാ
ഓഫീസുകളിലും പരാതി നൽകാം
തിരുവനന്തപുരം: വനിതാ കമ്മിഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിനു പുറമേ കോഴിക്കോട്, എറണാകുളം മേഖലാ ഓഫീസുകളിലും പരാതി സ്വീകരിക്കും. കോഴിക്കോട് ജില്ലാപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ താഴെ നിലയിലാണ് ഉത്തര മേഖലാ ഓഫീസ് . ഫോൺ 04712377590. ഇ-മെയിൽ kwckkd@gmail.com. മദ്ധ്യമേഖലാ ഓഫീസ്: എറണാകുളം കോർപ്പറേഷൻ ബിൽഡിംഗ്സ്, നോർത്ത് പരമാര റോഡ്, കൊച്ചി -18. ഫോൺ: 0484-2926019, ഇ-മെയിൽ: kwcekm@gmail.com. പരാതി സംബന്ധമായ അന്വേഷണങ്ങൾക്ക് ഫോൺ
: 0471- 2307589.
ശബരിമല നട ഇന്ന് അടയ്ക്കും
ശബരിമല: ഓണം, കന്നിമാസ പൂജകൾക്കുശേഷം ശബരിമല നട ഇന്ന് അടയ്ക്കും. പുലർച്ചെ 5ന് മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നട തുറന്ന് നിർമ്മാല്യദർശനവും അഭിഷേകവും നടത്തും. ഉച്ചപൂജയടക്കമുള്ളവ പൂർത്തിയാക്കി ഒരു മണിക്ക് നടയടയ്ക്കും. വൈകിട്ട് 5ന് ദീപാരാധനയ്ക്കുശേഷം പടിപൂജയും പുഷ്പാഭിഷേകവും നടത്തും. അത്താഴപൂജയ്ക്കുശേഷം രാത്രി 10ന് നടയടയ്ക്കും. തന്ത്രി കുടുംബത്തിലെ വാലായ്മ മൂലം തന്ത്രി കണ്ഠര് രാജീവരരുടെ പരികർമ്മി എസ്.നാരായണൻ നമ്പൂതിരിയാണ് താന്ത്രിക കർമ്മങ്ങൾ നിർവഹിക്കുന്നത്. തുലാമാസ പൂജകൾക്ക് ഒക്ടോബർ 16ന് വൈകിട്ട് 5ന് നടതുറക്കും.