
പറവൂർ: പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ മരം മുറിക്കുന്നതിനിടെ കയർ ശരീരത്തിൽ കുടുങ്ങി മരിച്ച മോഹൻകുമാറിന്റെ കുടുംബത്തെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. മോഹൻകുമാറിന്റെ ഭാര്യ അശ്വതിയും മൂന്ന് പിഞ്ചുമക്കളും മന്നം കൊച്ചമ്പലത്തുള്ള അമ്മാവന്റെ വീട്ടിലാണ് കഴിയുന്നത്. ഇവിടെയത്തിയ പ്രതിപക്ഷനേതാവ് അശ്വതിയേയും കുട്ടികളെയും ആശ്വസിപ്പിച്ചു. സ്വന്തമായൊരു വീട് എന്ന മോഹൻകുമാറിന്റെ സ്വപ്നം സഫലമാക്കാൻ അശ്വതിക്കും കുഞ്ഞുങ്ങൾക്കും താമസിക്കാൻ സ്ഥലം വാങ്ങി വീട് നിർമ്മിച്ച് നൽകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്ളസ്ടുവരെ പഠിച്ച അശ്വതിക്ക് പറവൂരിൽ ജോലി ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. വാടക വീട്ടിലേക്ക് മാറാൻ ആഗ്രിക്കുന്നുണ്ടെങ്കിൽ വീട് നിർമ്മിക്കുന്നതുവരെയുള്ള വാടകയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായവും നൽകും. സർക്കാരിൽ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കേരള കാർഷികഗ്രാമ വികസന ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ടി.എ. നവാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനക്കൽ, എം.എസ്. റെജി, വി.എച്ച്. ജമാൽ, കെ.കെ. അബ്ദുള്ള, തുടങ്ങിയവർ പ്രതിപക്ഷനേതാവിനൊപ്പം ഉണ്ടായിരുന്നു.
മരം മുറിക്കുന്നതിനിടെ അപകടത്തിൽ മരിച്ച മോഹൻകുമാറിന്റെ ഭാര്യ ആശ്വതിക്ക് എച്ച്.എം.സി മുഖാന്തിരം വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് താലൂക്ക് ആശുപത്രിയിൽ ജോലി നൽകുവാൻ നടപടി സ്വീകരിക്കും
ബീന ശശിധരൻ
ചെയർപേഴ്സൺ
പറവൂർ നഗരസഭ