
പമ്പക്കുട: പാമ്പാക്കുട പഞ്ചായത്തിലെ ഭരണസ്തംഭനം അവസാനിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം ഏരിയ സെക്രട്ടറി പി.ബി. രതീഷ് ഉദ്ഘാടനം ചെയ്തു. പി.യു. വർഗീസ് അദ്ധ്യക്ഷനായി. എം.എൻ. കേശവൻ, റോയ് ജോൺ, ബേസിൽ സണ്ണി, ബേബി ജോസഫ്, സി.ടി. ഉലഹന്നൻ, റീജമോൾ ജോബി എന്നിവർ സംസാരിച്ചു. യു.ഡി.എഫിലെ തർക്കത്തെത്തുടർന്ന്
പ്രസിഡന്റ് കോൺഗ്രസിലെ തോമസ് തടത്തിൽ, വൈസ് പ്രസിഡന്റ് ജേക്കബ് വിഭാഗത്തിലെ രാധാ നാരായണൻകുട്ടി എന്നിവർ കഴിഞ്ഞ മാസം രാജി വച്ചിരുന്നു. കമ്മിറ്റി പോലും വിളിച്ചു ചേർക്കാനാകാത്ത വിധത്തിൽ പ്രസിഡന്റും യു.ഡി.എഫ് അംഗങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലായിരുന്നു രാജി. ഇതേത്തുടർന്നാണ് പഞ്ചായത്തിലെ സാധാരണക്കാരെ ബാധിക്കുന്ന ദൈനംദിന കാര്യങ്ങളെല്ലാം മുടങ്ങിയതായി ആരോപണം ഉയർന്നത്.