കൊച്ചി: പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തി പകർച്ച വ്യാധികൾ ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മ പരിപാടിയുടെ ഭാഗമായി വൈപ്പിൻ മാലിപ്പുറത്ത് ആരോഗ്യ മേഖലയിലെ നാല് പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യ അവബോധത്തിലേക്ക് ജനതയെ നയിക്കുന്ന ഇടമാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളെന്നും മന്ത്രി പറഞ്ഞു.

കൊച്ചി കാൻസർ സെന്ററിന്റെ കെട്ടിട നിർമ്മാണം പൂർത്തിയായി. ഏതാനും മാസങ്ങൾക്കകം കൊച്ചി കാൻസർ സെന്റർ പൂർണ സജ്ജമാകും. വ്യവസായ നഗരമെന്ന നിലയിൽ ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാനായി കളമശേരിയിൽ ക്രിട്ടിക്കൽ കെയർ സെന്റർ ആരംഭിക്കും. ഇതിനായി പ്രത്യേകം തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

മാലിപ്പുറം ജനകീയാരോഗ്യ കേന്ദ്രത്തിനായി 67 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. മുനമ്പം കുടുംബാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കൽ, നായരമ്പലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രളയ പുനഃർ നിർമ്മാണ പ്രവർത്തനങ്ങൾ, പുതുവൈപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തൽ എന്നീ പദ്ധതികൾ ഓൺലൈനായും മന്ത്രി ഉദ്ഘാടനം ചെയ്തു.

കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനായി. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.എസ്. ശിവപ്രസാദ്, ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.