ആലുവ: ചൂർണിക്കരയിലെ റവന്യൂ ഭൂമിയിൽ സ്വകാര്യവ്യക്തി അനധികൃതമായി വഴിവെട്ടിയതും കെ.എസ്.ഇ.ബി വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചതും സംബന്ധിച്ച് വിജിലൻസ് അന്വോഷണം ആവശ്യപ്പെടാൻ അടിയന്തര ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. പഞ്ചായത്തിന്റെയോ റവന്യൂ വകുപ്പിന്റെയോ അനുമതിയില്ലാതെ റവന്യൂ പുറമ്പോക്കിൽ വൈദ്യുതി ലൈൻ വലിച്ച കെ.എസ്.ഇ.ബി നടപടിക്കെതിരെ കെ.എസ്.ഇ.ബി വിജിലൻസിനും ചീഫ് എക്സിക്യൂട്ടിവ് എൻജിനിയർക്കും പരാതി നൽകും.
യോഗത്തിൽ പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷയായി. യോഗത്തിനിടെ ഭരണപക്ഷത്തെ അംഗങ്ങൾ തമ്മിൽ പരസ്പരം പോർവിളിയും ഉണ്ടായി. വഴിവെട്ടിത്തെളിക്കുന്നതിനായി പെട്രോൾ ഒഴിച്ച് തീയിട്ട സംഭവത്തെ കുറിച്ച് പൊലീസിൽ പരാതി നൽകണമെന്ന് വാർഡ് മെമ്പർ റൂബി ജിജി ആവശ്യപ്പെട്ടു. കൈയേറ്റക്കാരനിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആക്ഷേപവും വിജിലൻസ് അന്വേഷിക്കണം. താൻ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത് സംബന്ധിച്ച് അറിഞ്ഞില്ലെന്ന പ്രസിഡന്റിന്റെ നിലപാടിനെയും റൂബി ജിജി വിമർശിച്ചു. ഇത് സംബന്ധിച്ച് മറ്റൊരു കോൺഗ്രസ് അംഗം മുഹമ്മദ് ഷെഫീക്കും പ്രസിഡന്റിനെതിരെ വിമർശനമുന്നയിച്ചു.