
കൊച്ചി: നഗരം പനിച്ചൂടിൽ വിറയ്ക്കുമ്പോൾ കോർപ്പറേഷൻ പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യാതെ നോക്കുകുത്തിയാകുന്നുവെന്ന് പ്രതിപക്ഷം.
നഗരത്തിൽ ഡെങ്കിപ്പനി വ്യാപനം ശക്തമാകുമ്പോൾ പേരിനുപോലും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താതെ തെറ്റായ കണക്കുകൾ പറഞ്ഞ് അധികൃതർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് അഡ്വ. ആന്റണി കുരീത്തറ, പാർലമെന്റ് പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ ആരോപിച്ചു.
കഴിഞ്ഞ കൗൺസിലിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താത്തതിൽ യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ നടത്താതെ പ്രതിഷേധിച്ചപ്പോൾ ആഗസ്റ്റ് മാസം 11 ഡെങ്കിക്കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് കൗൺസിലിൽ അറിയിച്ചത്. എന്നാൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള നാഷണൽ ഹെൽത്ത് മിഷൻ നടത്തുന്ന 12 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഫോർട്ട്കൊച്ചി, കരുവേലിപ്പടി ആശുപത്രിയിൽ ഉൾപ്പെടെ ആഗസ്റ്റ് മാസം അവിടെ വന്നു ഡെങ്കി ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയത് 800ൽ അധികം രോഗികളാണ്. ഇത് നഗരസഭയുടെ സ്വന്തം സ്ഥാപനത്തിലെ കണക്കുകൾ മാത്രമാണ്. നഗരത്തിലെ സ്വകാര്യ ലാബുകൾ, സ്വകാര്യ ആശുപത്രികൾ, ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ കണക്കുകൾ ഇതിന്റെ പത്തിരട്ടിയാവാനാണ് സാദ്ധ്യത.
ഇത്രയധികം ഡെങ്കിപ്പനി വ്യാപനം നടക്കുമ്പോൾ 11 ഡെങ്കി കേസുകൾ മാത്രമാണ് നഗരസഭയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് പറഞ്ഞ് തെറ്റായ കണക്കുകൾ നിരത്തുന്നത് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാനാണെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു.
ആരോഗ്യ കേന്ദ്രങ്ങൾ, കേസുകൾ
ചമ്പക്കര- 76
ചളിക്കവട്ടം- 30
പൊന്നുരുന്നി- 45
കലൂർ-137
കടവന്ത്ര- 84
വെണ്ണല-107
തമ്മനം-70
കൂത്താപ്പാടി- 99
മാങ്ങാട് മുക്ക്- 11
മൂലംകുഴി- 3
ഇടകൊച്ചി- 19
പാണ്ടികൂടി - 5
കരുവേലി പടി-68
ഫോർട്ട്‌കൊച്ചി -30
മട്ടാഞ്ചേരി- 18