
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിക്ക് കർശന വ്യവസ്ഥകളോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. മറ്റ് പ്രതികളെ ബന്ധപ്പെടരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം. ഏഴരവർഷത്തെ ജയിൽവാസത്തിനു ശേഷം ഇന്നലെ വൈകിട്ട് നാലരയോടെ സുനി ജയിൽ മോചിതനായി. പ്രതിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എറണാകുളം റൂറൽ എസ്.പിക്ക് കോടതി നിർദ്ദേശം നൽകി. കാക്കനാട് ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിലും സുനിക്ക് ജാമ്യം ലഭിച്ചു.
സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്ക് നിശ്ചയിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്നും നിർദ്ദേശിച്ചിരുന്നു.
2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. എറണാകുളം സബ് ജയിലിലായിരുന്ന സുനി വിചാരണ നടപടികൾ നീണ്ടതോടെ ജാമ്യം തേടി പത്തുതവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. തുടർച്ചയായി ഹർജി നൽകിയതിന് പിഴയും ചുമത്തി. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ജാമ്യ വ്യവസ്ഥകൾ
എറണാകുളം സെഷൻസ് കോടതി പരിധി വിട്ടുപോകരുത്. നേരിട്ടോ ഇടനിലക്കാർ വഴിയോ സാക്ഷികളെ സ്വാധീനിക്കരുത്. മറ്റ് പ്രതികളെ ബന്ധപ്പെടരുത്. മാദ്ധ്യമങ്ങളോട് സംസാരിക്കരുത്
രണ്ട് ആൾജാമ്യവും ഒരുലക്ഷം രൂപയുടെ ബോണ്ടും നൽകണം. ഒരു സിംകാർഡ് മാത്രം ഉപയോഗിക്കണം. ഫോണിന്റെയും സിംകാർഡിന്റെയും വിശദാംശങ്ങൾ കോടതിയിൽ നൽകണം
താമസകേന്ദ്രത്തിന്റെ വിശദാംശങ്ങളും അറിയിക്കണം. വിചാരണയ്ക്കെത്താൻ അസൗകര്യമുണ്ടെങ്കിൽ കോടതിയുടെ അനുമതി മുൻകൂട്ടി വാങ്ങണം. കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്