1

പള്ളുരുത്തി: വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ ഹരിത കർമ്മസേന ഉപയോഗിക്കുന്ന ആറു മുചക്ര വാഹനത്തിന്റെ ടയറുകൾ കീറി നശിപ്പിച്ചതായി പരാതി. നഗരസഭ 17-ാം ഡിവിഷൻ പെരുമ്പടപ്പിലെ ഹരിത കർമ്മസേനയുടെ വാഹനങ്ങളാണ് നശിപ്പിക്കപ്പെട്ടത്. പഷ്ണിത്തോട് പാലത്തിന് താഴെ പഴയ ഷാപ്പിന് സമീപമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതിൽ സമീപവാസിയായ വ്യക്തിക്ക്‌ എതിർപ്പുണ്ടായിരുന്നു. മാലിന്യങ്ങൾ പുരയിടത്തിന് പുറത്തിട്ട് കത്തിക്കുന്നതും തണൽ മരത്തിന് കേടുപാടു സംഭവിച്ചതും പലതവണ ഹരിത കർമ്മസേനാംഗങ്ങൾ ചൂണ്ടികാണിച്ചത് വിരോധത്തിന് കാരണമായിട്ടുണ്ട്. അതിന്റെ പേരിൽ ഹരിത കർമ്മസേനയെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയിൽ പറയുന്നു. പൊതുമുതൽ നശിപ്പിച്ചതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി. വാഹനം ഉപയോഗിക്കാൻ കഴിയാത്തതിനാൽ മാലിന്യനീക്കം സ്തംഭിച്ചു. ഒരു വണ്ടിക്ക് 800 രൂപ നിരക്കിൽ 4800 രൂപ ചെലവാക്കിയാണ് ഇന്ന് മാലിന്യം നീക്കിയത്. കുറ്റ ക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് ഡിവിഷൻ കൗൺസിലർ സി.എൻ രഞ്ജിത്ത് ആവശ്യപ്പെട്ടു.