ആലുവ: ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധി ദിനാചരണം ആലുവ അദ്വൈതാശ്രമത്തിൽ ഇന്ന് വിവിധ പരിപാടികളോടെ നടത്തുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അറിയിച്ചു.
പുലർച്ചെ 5.30ന് ഗുരുമന്ദിരത്തിൽ വിശേഷാൽപൂജ, ആറിന് ശാന്തിഹവനം, അഷ്ടദ്രവൃ ഗണപതിഹവനം, തുടർന്ന് ഗുരുദേവ കൃതികളുടെ പാരായണം, ഉപവാസം, പ്രാർത്ഥന, സത്സംഗം എന്നിവ നടക്കും. മൂന്നുമണിമുതൽ മഹാസമാധി പൂജ ആരംഭിച്ച് 3.30ഓടെ സമാപിക്കും. തുടർന്ന് പ്രസാദവിതരണം. ക്ഷേത്രം മേൽശാന്തി പി.കെ. ജയന്തൻ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പരിധിയിലെ 61 ശാഖകളിലും സമാധി ദിനാചരണത്തിന്റെ ഭാഗമായി പ്രാർത്ഥന, ഉപവാസം, സത‌്സംഗം, മഹാസമാധി പൂജകൾ എന്നിവ നടത്തും.