
തൃപ്പൂണിത്തുറ: ബി.ആർ.സി തൃപ്പൂണിത്തുറയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ സാമൂഹീകരണത്തിന്റെ ഭാഗമായി നടത്തിയ 'ഓണചങ്ങാതി' ഉദയംപേരൂർ മാങ്കായിക്കവലയിൽ പിയ സേവ്യർ എന്ന കുട്ടിയുടെ വീട്ടിൽ നടന്നു. പൂക്കളമിട്ടും ഊഞ്ഞാലുകെട്ടിയും ഓണപാട്ടുകൾ പാടിയും എല്ലാവരും ഒത്തുചേർന്നു. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. ബി.പി.സി എൻ.കെ. ഷിനി അദ്ധ്യക്ഷയായി. തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് അംഗം എം.കെ. അനിൽ, ട്രെയിനർമാരായ ടി.വി. ദീപ, ഷെമീന ബീഗം, പ്രേംരാജ്, പി.ബി.സിന്ധു എന്നിവർ സംസാരിച്ചു. പിയയ്ക്ക് ഓണസമ്മാനങ്ങൾ നല്കി. കലാപരിപാടികൾക്കു ശേഷം ഓണസദ്യ നടന്നു.