kaviyoor-ponnamma

കൊച്ചി: ഗായികയാകാൻ മോഹിച്ചിരുന്ന കവിയൂർ പൊന്നമ്മ അഞ്ച് വയസു മുതൽ ആറ് വർഷം സംഗീതം പഠിച്ചിരുന്നു. തുടർന്ന് അഭിനയത്തിലേക്ക് വഴിതെളിച്ചതും സംഗീതമായിരുന്നു. എം.കെ. ത്യാഗരാജ ഭാഗവതരുടെ പാട്ട് കേട്ടാണ് സംഗീതമോഹം വളർന്നത്. ചങ്ങനാശേരിയിൽ എൽ.പി.ആർ. വർമ്മ, വെച്ചൂർ എസ്. സുബ്രഹ്മണ്യ അയ്യർ എന്നിവരുടെ കീഴിൽ ശാസ്ത്രീയ സംഗീതം പഠിച്ചു. പതിനാലാം വയസിൽ കവിയൂർ കമ്മളത്തകിടി എൻ.എസ്.എസ് മൈതാനത്തായിരുന്നു അരങ്ങേറ്റം. കവിയൂർ പൊന്നമ്മ എന്ന പേര് അവിടെയാണ് പ്രഖ്യാപിച്ചത്. രണ്ടുവർഷം കച്ചേരികൾ അവതരിപ്പിച്ചു.

പൊന്നമ്മയുടെ പാട്ടിനെക്കുറിച്ച് അറിഞ്ഞാണ് തോപ്പിൽ ഭാസി, ശങ്കരാടി, ദേവരാജൻ, കേശവൻ പോറ്റി എന്നിവർ വീട്ടിലെത്തുന്നത്. ഒരു കീർത്തനം ആലപിക്കാൻ തോപ്പിൽ ഭാസി ആവശ്യപ്പെട്ടു. പാടിക്കഴിഞ്ഞപ്പോൾ നാടകത്തിൽ അഭിനയിക്കാൻ ക്ഷണിച്ചു. താത്പര്യമില്ലാതിരുന്ന പൊന്നമ്മ പിതാവ് ദാമോദരന്റെ നിർബന്ധത്തിലാണ് സമ്മതിച്ചത്. മൂന്നുമാസത്തെ റിഹേഴ്‌സലിനുശേഷം കെ.പി.എ.സിയുടെ വേദിയിലെത്തി. മൂലധനം നാടകത്തിൽ അർദ്ധശാസ്ത്രീയ സ്വഭാവമുള്ള പാട്ടുകൾ പാടിയഭിനയിച്ചു.

 തോപ്പിൽ ഭാസി പൊന്നമ്മയുടെ ഗുരു

തോപ്പിൽ ഭാസിയാണ് അഭിനയത്തിൽ ഗുരുവെന്ന് പൊന്നമ്മ പറഞ്ഞിട്ടുണ്ട്. കെ.പി.എ.സി വിട്ട് ഒ. മാധവൻ കാളിദാസ കലാകേന്ദ്രം ആരംഭിച്ചപ്പോൾ പൊന്നമ്മയേയും ക്ഷണിച്ചു. ഡോക്ടർ എന്ന നാടകത്തിൽ ഒ. മാധവനൊപ്പം അഭിനയിച്ചു. അത് സിനിമയിലേക്കും വഴിതുറന്നു. മെരിലാൻഡ് സ്റ്റുഡിയോ ഉടമ സുബ്രഹ്മണ്യം സ്വാമിയുടെ ശ്രീരാമപട്ടാഭിഷേകം സിനിമയിലേക്കാണ് ക്ഷണിച്ചത്. കൊട്ടാരക്കര ശ്രീധരൻ നായർ രാവണനായ സിനിമയിൽ മണ്ഡോദരിയുടെ വേഷമായിരുന്നു പൊന്നമ്മയ്ക്ക്. കരഞ്ഞുകൊണ്ട് കൊട്ടാരക്കര ശ്രീധരൻ നായരുടെ അടുത്തേക്ക് വരുന്ന ആദ്യസീൻ എടുത്തതോടെ എല്ലാവരും കൈയടിച്ചു. തുടർന്ന് 65 നീണ്ട സിനിമാ അഭിനയത്തിലേക്ക് പൊന്നമ്മ വളർന്നു. അംബികേ ജഗദംബികേ... എന്നാരാംഭിക്കുന്ന ഭക്തിഗാനമുൾപ്പെട 12 പാട്ടുകൾ സിനിമയിൽ ആലപിച്ചിട്ടുണ്ട്.