kaviyoor-ponnamma

കൊച്ചി: തന്നെക്കാൾ പ്രായംകൂടിയ സത്യന്റെയും മധുവിന്റെയും അമ്മവേഷങ്ങൾ അഭിനയിച്ച കവിയൂർ പൊന്നമ്മ, ഏറ്റവുമധികം തിളങ്ങിയത് മോഹൻലാലിന്റെ അമ്മയായി. ജീവിത മൂഹൂർത്തങ്ങളിലേതുപോലെയായിരുന്നു മോഹൻലാലിന്റെ അമ്മവേഷങ്ങളിൽ. തിലകന്റെ ഭാര്യവേഷങ്ങളിലും വിസ്‌മയകരമായ അഭിനയമാണ് കാഴ്ചവച്ചത്.

അൻപതിലേറെ സിനിമകളിലാണ് മോഹൻലാലിന്റെ അമ്മയായി അഭിനയിച്ചത്. ചെങ്കോൽ, കിരീടം തുടങ്ങിയ സിനിമകളിൽ തകർപ്പൻ അഭിനയം ഇരുവരും കാഴ്ചവച്ചു. മോഹൻലാലിന്റെ അമ്മയായി അഭിനയിക്കുമ്പോൾ മകൻ എന്നുതന്നെയാണ് തോന്നുക. തനിക്ക് പിറക്കാതെപോയ മകനെന്നാണ് മോഹൻലാലിനെപ്പറ്റി പൊന്നമ്മ പറഞ്ഞത്.

പൊന്നമ്മയുടെ മകനായാണ് തിലകൻ പെരിയാറിൽ അഭിനയിച്ചത്. കാട്ടുകുതിരയിൽ തിലകന്റെ ഭാര്യയായി. ഇരുവരും ഭാര്യാ ഭർത്താക്കന്മാരായി 25 ലേറെ സിനിമകളിൽ അഭിനയിച്ചു. വ്യക്തിപരമായി സൗഹൃദവും ആദരവും ഇരുവരും പുലർത്തിയിരുന്നു.

പിതാവിന്റെ പ്രായമുള്ള സത്യന്റെയും മധുവിന്റെയും അമ്മയായി തൊമ്മന്റെ മക്കൾ സിനിമയിൽ അഭിനയിക്കുമ്പോൾ പൊന്നമ്മയ്ക്ക് 22 വയസ് മാത്രമായിരുന്നു.

''വെല്ലുവിളിയാണെങ്കിലും സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് 22-ാം വയസിൽ അമ്മവേഷം ഏറ്റെടുത്തത്. ഇഷ്‌ടത്തോടെയാണ് അഭിനയിച്ചത്. അതിനെ അവസരമായാണ് ഞാൻ കണ്ടത്." - പൊന്നമ്മ ഒരിക്കൽ പറഞ്ഞു.

മലയാളത്തിലെ നായകന്മാരുടെയെല്ലാം അമ്മയാണ് കവിയൂർ പൊന്നമ്മ. ആദ്യകാലത്ത് പ്രേംനസീറിന്റെ അമ്മവേഷങ്ങളാണ് ചെയ്‌തത്. മമ്മൂട്ടി, സുകുമാരൻ, മുരളി, ബാലചന്ദ്രമേനോൻ തുടങ്ങിയവരുടെ അമ്മവേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മോഹൻലാൽ കൂട്ടുകെട്ടാണ് മലയാളികൾ കൈയടിച്ച് സ്വീകരിച്ചത്.

വൈവിദ്ധ്യമുള്ള വേഷങ്ങൾ ലഭിച്ചില്ലെങ്കിലും പൊന്നമ്മയ്ക്ക് വിഷമമുണ്ടായിരുന്നില്ല. കോമഡി ഇഷ്‌ടമായിരുന്നെങ്കിലും വേഷങ്ങൾ ലഭിച്ചില്ല. നായികയായി മാറാനും കഴിഞ്ഞില്ല. നായികവേഷം ചെയ്തിരുന്നെങ്കിൽ ഒരുകാലം കഴിയുമ്പോൾ സിനിമയ്ക്ക് പുറത്തായേനെയെന്ന് അവർ പറഞ്ഞിട്ടുണ്ട്.

അമ്മൂമ്മ വേഷങ്ങളിലാണ് അവസാനകാലത്ത് അഭിനയിച്ചത്. അതിലും തിളങ്ങാൻ കഴിഞ്ഞു. നന്ദനം ഉൾപ്പെടെ നിരവധി സിനിമകളിൽ പൊന്നമ്മയുടെ അമ്മൂമ്മ വേഷങ്ങൾ മലയാളികൾ ഇരുകൈയുംനീട്ടി സ്വീകരിച്ചു. നടീനടന്മാരോട് മാതൃസഹജമായ ബന്ധമാണ് സൂക്ഷിച്ചിരുന്നത്. അനാരോഗ്യം ബാധിച്ചെങ്കിലും മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ പൊന്നമ്മയുടെ ക്ഷേമം അന്വേഷിച്ചിരുന്നു. താരസംഘടനയായ അമ്മ ഭാരവാഹികളുൾപ്പെടെ ചികിത്സയ്ക്ക് ഒപ്പമുണ്ടായിരുന്നു.