sndp
എസ്.എൻ.ഡി.പി യോഗം ഏനാനല്ലൂർ ശാഖയിൽ യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ.അനിൽകുമാർ മഹാസമാധി സന്ദേശം നൽകുന്നു.

മൂവാറ്റുപുഴ: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനാചരണം എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന് കീഴിലെ 33 ശാഖകളിലും വിപുലമായ പരിപാടികളോടെ ആചരിച്ചു. ശാഖകളിൽ സമൂഹപ്രാർത്ഥനയും ഉപവാസവും പ്രഭാഷണവും അന്നദാനവും ഗുരുദേവ കീർത്തനാലാപനവും നടന്നു. യൂണിയൻ ആസ്ഥാനത്തെ ഗുരുദേവ ക്ഷേത്രത്തിൽ ടൗൺ ശാഖയുടെ നേതൃത്വത്തിൽ ഗുരുപൂജയും സമൂഹപ്രാർത്ഥനയും ഉപവാസ യജ്ഞവും നടത്തി. ശാഖാ ഭാരവാഹികൾ നേതൃത്വം നൽകി. മൂവാറ്റുപുഴ യൂണിയന് കീഴിലെ ശാഖകളിലെ ഗുരുദേവ കേന്ദ്രങ്ങളിൽ നടന്ന സമാധി ദിനാചരണത്തിൽ യൂണിയൻ ഭാരവാഹികൾ പങ്കെടുത്തു. ശാഖാ കേന്ദ്രങ്ങളിൽ എത്തിച്ചേർന്ന യൂണിയൻ ഭാരവാഹികൾ മഹാസമാധി സന്ദേശം നൽകി. യൂണിയൻ അതിർത്തിയിലെ ശാഖകളെ ആറ് മേഖലകളായി തിരിച്ചാണ് ഭാരവാഹികൾ സന്ദർശനം നടത്തിയത്. യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ, ടി.വി. മോഹനൻ എന്നിവർ കിഴുമുറി, പാമ്പാക്കുട, കാക്കൂർ, അഞ്ചൽപ്പെട്ടി, കക്കാട്, കിഴുമുറി (വെസ്റ്റ്) ശാഖകളിലും യോഗം ഡയറക്ടർ ബോർഡ് അംഗം പ്രമോദ് കെ. തമ്പാൻ, യൂണിയൻ കൗൺസിലർ പി.ആർ. രാജു എന്നിവർ കായനാട്, മണ്ണത്തൂർ, മാറാടി ( 723), മാറാടി ( 2212), മൂവാറ്റുപുഴ സൗത്ത് ശാഖകളിലും യൂണിയൻ കൗൺസിലർമാരായ എം.ആർ. നാരായണൻ, അനിൽകാവുംചിറ എന്നിവർ പെരിങ്ങഴ, പെരുമ്പല്ലൂർ, തേവർകാട്, ആരക്കുഴ, കാവന, ആവോലി ശാഖകളിലും യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, ക്ഷേത്ര കമ്മിറ്റി കൺവീനർ പി.വി. അശോകൻ എന്നിവർ ഏനാനല്ലൂർ, ആയവന, പേരമംഗലം, കാലാമ്പൂർ, കക്കാട്ടൂർ, കല്ലൂർക്കാട് , മഞ്ഞള്ളൂർ ശാഖകളിലും യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, പി.എസ്. ശ്രീജിത് എന്നിവർ ആനിക്കാട്, രണ്ടാർകര, മൂവാറ്റുപുഴ ടൗൺ, കടാതി, വാളകം ശാഖകളിലും ഡയറക്ടർ ബോർഡ് അംഗം അഡ്വ. എൻ. രമേശ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്. വിൽസൻ എന്നിവർ ഈസ്റ്റ് വാഴപ്പിള്ളി, മൂവാറ്റുപുഴ നോർത്ത്, വെള്ളൂർക്കുന്നം, തൃക്കളത്തൂർ, പായിപ്ര ശാഖകളിലും സമാധി സന്ദേശം നൽകി. മഹാസമാധി ദിനാചരണത്തിൽ നൂറുകണക്കിന് ശ്രീനാരായണ ഭക്തരാണ് പങ്കെടുത്തതെന്ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ എന്നിവർ പറഞ്ഞു.