ആലുവ: 450 ഗ്രാം കഞ്ചാവുമായി അന്യസംസ്ഥാനക്കാരൻ ഉൾപ്പെടെ രണ്ട് പേർ എക്സൈസിന്റെ പിടിയിലായി. ഇന്നലെ രാത്രി ഏഴ് മണിയോടെ ചുണങ്ങംവേലിയിൽ നിന്ന് മലയാളിയായ യുവാവിനെയാണ് ആദ്യം ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. തുടർന്നാണ് കഞ്ചാവ് വാങ്ങുന്ന മഹിളാലയം ഭാഗത്തെ ഹോട്ടൽ തൊഴിലാളിയായ അന്യസംസ്ഥാനക്കാരനെ തന്ത്രപൂർവം കുടുക്കിയത്. എക്സൈസ് സംഘം ആവശ്യപ്പെട്ടത് പ്രകാരം ആദ്യം പിടിയിലായ ആൾ ഹോട്ടൽ തൊഴിലാളിയെ ഫോണിൽ വിളിച്ചപ്പോൾ 200 ഗ്രാം കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് മഹിളാലയം കവലക്ക് സമീപം ഹോട്ടൽ തൊഴിലാളി എത്തിയപ്പോൾ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഹോട്ടൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ളാറ്റിലും പറോട്ട് ലൈനിലെ ഒരു വീട്ടിലും എക്സൈസ് സംഘം പരിശോധന നടത്തിയെങ്കിലും കൂടുതൽ ലഹരി വസ്തുക്കൾ കണ്ടെത്താനായില്ല.