കൊച്ചി: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവത്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബ്ളോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ 24ന് വൈകിട്ട് നാലിന് പ്രതിഷേധ കൂട്ടായ്മയും 28ന് തേക്കിൻകാട് മൈതാനത്ത് മഹാപ്രതിഷേധ സമ്മേളനവും നടത്താൻ കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം തീരുമാനിച്ചു.
തൃശൂർ ജില്ലയിലെ ഒഴികെ 256 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് 24 ലെ പ്രതിഷേധക്കൂട്ടായ്മ നടത്തുക. മഹാത്മഗാന്ധി കോൺഗ്രസ് പ്രഡിഡന്റായതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഒക്ടോബർ രണ്ടിന് 25,177 ബൂത്തുകളിൽ ഗാന്ധി സ്മൃതിസംഗമം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി സംഘടനാ ജനറൽ സെക്രട്ടറി എം. ലിജു പറഞ്ഞു.
210 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ പുന:സംഘടന പൂർത്തിയായി. 72 എണ്ണമാണ് ശേഷിക്കുന്നത്. 30നകം പുന:സംഘടന പൂർത്തിയാക്കും. ബൂത്ത് കമ്മിറ്റി രൂപീകരണത്തിന്റെ സമയ പരിധി വയനാട് ദുരന്തം കണക്കിലെടുത്ത് ഒക്ടോബർ 15വരെ നീട്ടി.
എറണാകുളം ഡി.സി.സിയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി അദ്ധ്യക്ഷത വഹിച്ചു.