
കൊച്ചി: എറണാകുളം മുല്ലശ്ശേരി കനാലിന് സമീപം ലോഡുമായി വന്ന ലോറി സ്ലാബ് തകർന്ന് റോഡിൽ കുടുങ്ങിയതോടെ ഗതാഗതം താറുമാറായി. ശേഷാദ്രി റോഡിൽ നിന്ന് എറണാകുളം ടി ഡി റോഡിലേക്ക് വാഹനം കയറുന്ന ഭാഗത്ത് ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. തമിഴ്‌നാട്ടിൽ നിന്ന് ഇന്നലെ പുലർച്ചെ 5 മണിയോടെ കനാലിന് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിൽ ലോഡ് ഇറക്കാനെത്തിയ ലോറി ശേഷാദ്രി റോഡിൽ നിന്ന് ടി.ഡി റോഡിലേക്ക് വളവ് തിരിഞ്ഞ് കയറുമ്പോൾ സ്ലാബ് തകരുകയായിരുന്നു. ലോറിയുടെ പിന്നിലെ രണ്ട് ചക്രങ്ങളും കാനയിൽ പതിച്ചു. 14 ടൺ ലോഡുണ്ടായിരുന്നെന്ന് തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർ ദേവൻ പറഞ്ഞു.വാഹനത്തിന്റെ പിൻ ചക്രം കാനയിൽ വീണതോടെ ഭാരം താങ്ങാനാകാതെ ലോറി ഭാഗീകമായി ഇടത്തോട്ട് ചെരിഞ്ഞെങ്കിലും വലിയ അപകടം തലനാരിഴക്ക് ഒഴിവാകുകയായിരുന്നു. ടി ഡി റോഡ് വഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും സ്ലാബ് തകർന്നതിനാൽ ശേഷാദ്രി റോഡിലൂടെയുള്ള ഗതാഗതത്തിന് ട്രാഫിക് വിഭാഗം ഭാഗീകമായ നിയന്ത്രണം ഏർപ്പെടുത്തി. സമീപ കാലത്താണ് പുതിയ സ്ലാബ് ഇട്ട് റോഡ് ഗതാഗത യോഗ്യമാക്കിയത്.