
പിറവം: പിറവം ഗവ. താലൂക്കാശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ പുതിയ ഒ.പി ബ്ലോക്കും ആധുനീകരിച്ച ലാബും ഓൺലൈനായി കൂത്താട്ടുകുളം ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനായി. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥിയായി.
നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു, ജില്ല മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, വൈസ് ചെയർമാൻ കെ.പി. സലിം, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, കൗൺസിലർമാർ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ. രാജൻ,
ഡോ. പി.എസ്. ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
ദേശീയ ആരോഗ്യദൗത്യം വഴി ലഭ്യമായ 2.35 കോടി രൂപ ഉപയോഗിച്ചാണ് പിറവം താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം നിർമിച്ചത്. മൂന്ന് നിലകളിലായി പരിശോധന ചികിത്സാ മുറികൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഫാർമസി, നേഴ്‌സിംഗ് സ്റ്റേഷനുകൾ, കോൺഫറൻസ് ഹാൾ അടക്കം പതിനേഴായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ കെട്ടിടം. കൂത്താട്ടുകുളത്ത് 37 ലക്ഷം രൂപ മുടക്കിയാണ് ഒ.പി ബിൽഡിംഗ് നവീകരിച്ചത്.