
കൊച്ചി: ചിങ്ങമാസം കഴിഞ്ഞിട്ടും ഉത്സവ ബത്തയും വേതനവും ലഭിച്ചില്ല. റേഷൻ വ്യാപാരികൾക്ക് കഴിഞ്ഞു പോയത് വറുതിയുടെ ഓണക്കാലം. ആഗസ്റ്റ് മാസത്തിലെ വേതനം സെപ്തംബർ ആദ്യം തന്നെ ലഭിക്കണമെന്നിരിക്കെ സെപ്തംബർ അവസാനമായിട്ടും കിട്ടുന്ന മട്ടില്ല. 1000 രൂപയാണ് ഉത്സവ ബത്ത. മുൻവർഷങ്ങളിൽ ഓണത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ഉത്സവ ബത്ത ലഭിക്കുമായിരുന്നു. ഇതുകൊണ്ടുതന്നെ ഓണം ദാരിദ്ര്യം നിറഞ്ഞതായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു.
ഭക്ഷ്യവകുപ്പ് ഫയലുകൾ എല്ലാം ധനകാര്യ വകുപ്പിന് കൈമാറിയിട്ട് മാസങ്ങളായിട്ടും ഫയലുകൾ തീർപ്പാക്കാത്തതാണ് വേതനവും ഉത്സവബത്തയും വൈകാൻ കാരണം. കഴിഞ്ഞ നവംബർ മുതലാണ് വേതനം പതിവായി വൈകുന്നത്. അഞ്ചാം തീയതിക്കുള്ളിൽ കമ്മിഷൻ തുക നൽകിയിരുന്നതാണ് ഇപ്പോൾ മാസങ്ങളായി മുടങ്ങുന്നത്.
വേതനത്തിന് സമരം തന്നെ വഴി
കമ്മിഷൻ തുക ലഭിക്കണമെങ്കിൽ സമരം ചെയ്യേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ. സെപ്തംബർ പകുതി പിന്നിട്ടിട്ടും ആഗസ്റ്റ് മാസത്തിലെ വേതനം ലഭിക്കാത്തത് അനീതിയാണെന്ന് വ്യാപാരികൾ പറയുന്നു. ഓണം കൂടി എത്തിയപ്പോൾ തുക നൽകേണ്ടത് സർക്കാരിന്റെ കടമയായിരുന്നു. എല്ലാ മാസവും സാമ്പത്തിക ബുദ്ധിമുട്ടെന്ന് പറഞ്ഞാണ് തങ്ങളെ തഴയുന്നത്.
12,000 മുതൽ 50,000 വരെ കമ്മിഷൻ കുടിശിക
സംസ്ഥാനത്ത് 28 കോടി രൂപയാണ് കമ്മിഷൻ തുക. ഒരു വ്യാപാരിക്ക് ഏകദേശം 12,000 മുതൽ 50,000 രൂപ വരെ കമ്മിഷൻ ലഭിക്കാനുണ്ട്. തീരമേഖലകളിൽ ബി.പി.എൽ കാർഡുകളേറെയായതിനാൽ ഇവിടെയുള്ള വ്യാപാരികൾക്കാണ് കൂടുതൽ ബാദ്ധ്യത. ഭക്ഷ്യവസ്തുക്കൾ എടുത്തതിന്റെ പണം നല്കാത്തതിനാൽ പല താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്നും അന്വേഷണം വന്നു തുടങ്ങി. തുക അടച്ചില്ലെങ്കിൽ കട സസ്‌പെൻഡ് ചെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചവരേറെയാണ്.
ആഗസ്റ്റ് മാസത്തെ കമ്മിഷൻ 28 കോടി
ഉത്സവ ബത്ത- 1000 രൂപ
ആകെ റേഷൻ വ്യാപാരികൾ 14167
ദേശീയ ഉത്സവമായ ഓണക്കാലത്ത് എല്ലാ മേഖലയിലും ആനുകൂല്യം നൽകുമ്പോൾ സംസ്ഥാനത്തെ റേഷൻ വ്യാപാരികളോട് മാത്രമാണ് അനീതി.
എൻ. ഷിജീർ
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി
കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ