
# മൃതദേഹം എറണാകുളം
മെഡി. കാേളേജിന് കൈമാറും
കൊച്ചി: പഴയ തലമുറ കമ്മ്യൂണിസ്റ്റ് നേതാക്കളിലെ കണ്ണികളിലൊരാളും മുൻ ഇടതുമുന്നണി കൺവീനറുമായ എം.എം. ലോറൻസ് (95) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.
ദീർഘനാളായി കിടപ്പിലായിരുന്നു. ജൂലായ് 28നാണ് ന്യൂമോണിയ കടുത്തതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ 8ന് മകൻ അഡ്വ. അബിയുടെ കടവന്ത്രയിലെ വീട്ടിൽ കൊണ്ടുവരും. 9ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ കലൂർ ലെനിൻ സെന്ററിലും 10 മുതൽ വൈകിട്ട് നാല് വരെ എറണാകുളം ടൗൺ ഹാളിലും പൊതുദർശനം. തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിന് കൈമാറും.
21-ാം വയസിൽ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ അറസ്റ്റിലായ ലോറൻസ് 22 മാസവും അടിയന്തരാവസ്ഥ കാലത്ത് ഉൾപ്പെടെ വിവിധ ഘട്ടങ്ങളിലായി ആറു വർഷത്തോളവും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1980-84 കാലയളവിൽ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സി.ഐ.ടി.യു ദേശീയ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
ഭാര്യ: പരേതയായ ബേബി. മക്കൾ: അഡ്വ. എം.എൽ. സജീവ്, സുജാത (സുജ, സിവിൽ എൻജിനിയർ, ദുബായ്), അഡ്വ. അബി എബ്രഹാം, ആഷ ലോറൻസ്.
1929 ജൂൺ 15ന് എറണാകുളം മുളവുകാട് മാടമാക്കൽ അവിര മാത്യുവിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു. 1946ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം ലഭിച്ചപ്പോൾ പത്താംക്ളാസിൽ പഠനം നിറുത്തി പാർട്ടിപ്രവർത്തനത്തിൽ മുഴുകി.
2013ൽ പാലക്കാട് നടന്ന സി.പി.എം പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനെ തുടർന്ന് എൽ.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചു. പാർട്ടി വിഭാഗീയതയുടെ ഭാഗമായി കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയെങ്കിലും വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തി. പ്രായാധിക്യത്തെ തുടർന്ന് ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് വിരമിച്ചശേഷവും സംസ്ഥാന കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായിരുന്നു.