mm-lawrence-

പാർട്ടി എന്ന ചിന്തയ്ക്കും പ്രവൃത്തിക്കുമപ്പുറം, വ്യക്തി ജീവിതത്തിന് അമിത പ്രാധാന്യം നൽകാതിരുന്ന വിപ്ലവകാരിയായിരുന്നു മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസ്. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവ്. ചുമതല വഹിച്ച ഓരോ രംഗത്തും പുതിയ കാഴ്ചപ്പാടും പുത്തൻ നേട്ടങ്ങളുമായി കേരള ജനതയെ തന്നിലേക്ക് ഏറെ ആകർഷിച്ചു. സുദീർഘമായ പ്രവർത്തന കാലയളവ്. പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മധൈര്യവും വിശ്വാസവും പ്രവർത്തന മേഖലയിലാകെ പകർന്നു നൽകുവാൻ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മാതൃക കാണിച്ച കമ്മ്യൂണിസ്റ്റ് കൂടിയാണ് എം.എം. ലോറൻസ്.

സംസ്ഥാനമെമ്പാടുമുള്ള തൊഴിലാളികളെയും മറ്റ് സാധാരണക്കാരെയും സംഘടിപ്പിക്കാനും അവകാശ ബോധമുള്ളവരാക്കി മാറ്റാനും ത്യാഗനിർഭരമായ പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവച്ചത്. തോട്ടിപ്പണിക്കാർ, ഓട്ടോറിക്ഷാ തൊഴിലാളികൾ, പാഴ്‌സൽ സർവീസ് രംഗത്തെ ജീവനക്കാർ തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലകളിലുമുള്ള പണിയെടുക്കുന്നവന്റെ ജീവിതത്തിന്റെ ഭാഗമായ, സമർപ്പിത മനസോടെ പാവപ്പെട്ടവനു വേണ്ടി പ്രവർത്തിച്ച ഉത്തമനായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം.

ഡി.വൈ.എഫ്.ഐയുടെ മുൻഗാമിയായിരുന്ന കെ.എസ്.വൈ.എഫിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് സഖാവ് ലോറൻസിനെ അടുത്തുപരിചയപ്പെടാൻ എനിക്ക് അവസരം ലഭിച്ചത്. യുവജന ഫെഡറേഷന്റെ ജില്ലാ കമ്മിറ്റി സുശക്തമാക്കാനായി മൂവാറ്റുപുഴയിൽ ഞങ്ങൾ ഒരു കൺവൻഷൻ സംഘടിപ്പിച്ചു. അതിൽ മുഖ്യ പ്രസംഗകനായി ലോറൻസിനെ ക്ഷണിക്കാൻ ഞാൻ വീട്ടിലെത്തി കണ്ടു. 1969-ലായിരുന്നു കൂടിക്കാഴ്ച. അന്ന് അടുക്കാൻ പറ്റാത്ത ഉയരത്തിൽ നേ‌തൃസ്ഥാനത്തുള്ള വ്യക്തിയെന്ന നിലയിലാണ് കണ്ടിരുന്നത്.

സമ്മേളനദിവസം ലോറൻസിനെ കൂട്ടിക്കൊണ്ടു പോകാൻ എന്നെയാണ് നിയോഗിച്ചത്. ഒരു പാർട്ടി സഖാവ് കാർ വിട്ടുതന്നു. ആ വാഹനത്തിൽവച്ച് ഏറെ സംസാരിച്ചു. അദ്ദേഹത്തിന്റെ ലാളിത്യവും കാഴ്ചപ്പാടുകളും തിരിച്ചറിഞ്ഞു. കൺവെൻഷനിൽ യുവജനപ്രസ്ഥാനങ്ങളുടെ അനിവാര്യതയെക്കുറിച്ച് അദ്ദേഹം സുദീർഘം പ്രസംഗിച്ചു. കാറിൽ തിരികെ കൊണ്ടാക്കാനും ഞാനാണ് പോയത്. അതോടെ, ആ മുതിർന്ന നേതാവുമായി ഏറെ സൗഹൃദത്തിലായി. കോതമംഗലം, മൂവാറ്റുപുഴ തുടങ്ങി ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഏതു പരിപാടിക്ക് അദ്ദേഹം വന്നാലും ആ മേഖലയിലെ പ്രവർത്തകൻ കൂടിയായ ഞാൻ സഹയാത്രികനായി.

പിറവം റേഞ്ച് ചെത്തുതൊഴിലാളി സംഘടന കൂത്താട്ടുകുളത്ത് തനതായ ഒരു ഓഫീസ് കെട്ടിടം പണിതപ്പോൾ ഒരുക്കിയ ഗംഭീരപ്രകടനത്തിലും സ്വീകരണത്തിലും എം.എം. ലോറൻസ് പങ്കെടുത്തതും ഓർമ്മിക്കുന്നു. പിൽക്കാലത്ത് കുറച്ചുനാൾ ഞങ്ങൾ തമ്മിൽ ചെറിയ അകലമുണ്ടായി. പാർട്ടിയിലെ വിഭാഗീയത കാരണം ലോറൻസ് സി.ഐ.ടി.യു നേതൃത്വത്തിനൊപ്പവും ഞങ്ങൾ വി.എസിന്റെ അനുയായികളെന്ന നിലയിലും നിലകൊണ്ടപ്പോളാണ് അത്.

എ.പി. വർക്കിയുടെ നിര്യാണശേഷം ഞാൻ സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറിയായി വന്നപ്പോൾ ലോറൻസുമായി ദൈനംദിനം ഇടപഴകി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ഗൗരവമേറിയ രാഷ്ട്രീയ ചർച്ചകളും ഞങ്ങൾക്കിടയിലുണ്ടായി. എണ്ണപ്പെട്ട നേതാവായാണ് ഞാൻ അദ്ദേഹത്തെ വിലയിരുത്തുക. നിലപാട് ശരിയാകട്ടെ, തെറ്റാകട്ടെ- ഉറപ്പുള്ള മനസാണ്. ഒരുതരത്തിലും ചാഞ്ചാട്ടമുണ്ടാകില്ല. ഞങ്ങൾ പയ്യന്മാരാണെന്ന പരിഗണപോലും നൽകാതെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടുകയും നിശിതമായി വിമർശിക്കുകയും തിരുത്തലിന് ഇടപെടുകയും ചെയ്തിരുന്നു.

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസ് മുതൽ അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടം ഉൾപ്പെടെയുള്ള എണ്ണിയാലൊടുങ്ങാത്ത പ്രക്ഷോഭ സമരങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും ജനയിതാവും പങ്കാളിയുമായിരുന്നു ലോറൻസ്. അടിയന്തരാവസ്ഥയിൽ 16 മാസം കരുതൽ തടങ്കലിലായി. കടുത്ത മർദ്ദനം അനുഭവിച്ചു. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി, ഇടുക്കിയിൽ നിന്നുള്ള പാർലമെന്റ് അംഗം, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ, തുടക്കകാലത്ത് കൊച്ചി കോർപ്പറേഷൻ കൗൺസിലർ തുടങ്ങി വിവിധങ്ങളായ പ്രവർത്തന മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് പുതുതലമുറയ്ക്ക് മാതൃകയായ ഉശിരനും ധീരനുമായ വിപ്ലവകാരി. അദ്ദേഹത്തിന്റെ വിടവാങ്ങൽ പാർട്ടിക്കും മുന്നണിക്കും സൃഷ്ടിക്കുന്ന വിടവ് ചെറുതല്ല. ഏതു വിഷയത്തിലും അദ്ദേഹം കാട്ടിയ തന്റേടം പ്രയാസങ്ങളെ നേരിടാൻ എനിക്ക് മാർഗദർശനമായിരുന്നു.

ഒന്നരമാസം മുമ്പാണ് സഖാവ് ലോറൻസിനെ അവസാനമായി കണ്ടത്. രോഗശയ്യയിലായ സമയത്ത് വിട്ടുവിട്ടുള്ള ഓർമ്മകൾക്കിടയിലും എന്നോട് പലതും സംസാരിക്കാൻ ശ്രമിച്ചിരുന്നു. അതെ, അരനൂറ്റാണ്ടുകാലം ഞാൻ അദ്ദേഹത്തിന്റെ നിഴൽ തന്നെയായിരുന്നില്ലേ... ആ കമ്മ്യൂണിസ്റ്റ് നേതാവിന്റെ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ.

(ലേഖകൻ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് പ്രസിഡന്റുമാണ് )