കോലഞ്ചേരി: കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സിന്തറ്റിക്ട്രാക് നിർമ്മാണത്തിന് ശനിദശ. മൂന്ന് കോടി രൂപ മുടക്കിയാണ് ഇവിടെ ട്രാക് നിർമ്മിക്കുന്നത്. സിന്തൈറ്റ് ഇൻഡസ്ട്രീസ് എന്ന കമ്പനി ട്രാക് നിർമ്മാണത്തിന് സ്കൂൾ ഗ്രൗണ്ടിന് സമീപമുള്ള ഒരേക്കർ സ്ഥലം സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകിയിരുന്നു. എന്നാൽ മണ്ണെടുത്ത് ഒരു വശത്ത് കൂട്ടിയതല്ലാതെ മറ്റ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം. സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഈ വർഷം ജില്ലയിൽ നടക്കാനിരിക്കെ ആദ്യമായി സർക്കാർ വിദ്യാലയത്തിൽ സിന്തറ്റിക് ട്രാക് എന്നത് സ്വപ്നം മാത്രമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.