
മുഖം നോക്കാതെ അഭിപ്രായം പറയുന്നതായിരുന്നു എം.എം. ലോറൻസിന്റെ കാർക്കശ്യമുള്ള രാഷ്ട്രീയ ശൈലി. പാർട്ടിയിലും പുറത്തും സ്വന്തം അഭിപ്രായങ്ങളും നിരീക്ഷണങ്ങളും അവസാന കാലത്തു അദ്ദേഹം തുറന്നു പറഞ്ഞു. അതിന് പാർട്ടിയുടെയും നേതാക്കളുടെയും എതിർപ്പുകളെ വകവച്ചിരുന്നില്ല. ദീർഘകാലം ഇടതു മുന്നണി കൺവീനറായിരുന്നപ്പോഴും ആ രീതിക്ക് മാറ്റമുണ്ടായില്ല.
പാർട്ടിക്കുള്ളിൽത്തന്നെ ലോറൻസിനെതിരെ പടയൊരുക്കങ്ങളുണ്ടായതും ഈ വെട്ടിത്തുറന്ന സമീപനം കാരണമായിരുന്നു. ഒടുവിൽ അത് ലോറൻസ് - വി.എസ് തർക്കങ്ങളിലേക്കും വലിയ അച്ചടക്ക നടപടികളിലേക്കും വരെയെത്തി. 1998-ലെ പാലക്കാട് സമ്മേളനത്തിനു പിന്നാലെ സേവ് സി.പി.എം ഫോറം എന്ന പേരിൽ പ്രസിദ്ധീകരണങ്ങൾ ഇറങ്ങി. അതിന്റെ പേരിലും ലോറൻസിനെതിരെ ശക്തമായ നടപടിയുണ്ടായി. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഏരിയാ കമ്മിറ്റിയിലേക്ക് അദ്ദേഹം തരംതാഴ്ത്തപ്പെട്ടു, തന്നെ ഒതുക്കാൻ മുന്നിൽ നിന്നത് വി.എസ്. അച്യുതാനന്ദനാണെന്ന് ആത്മകഥയിൽ ലോറൻസ് തുറന്നെഴുതി.
അച്ചടക്ക നടപടിക്കു ശേഷം, പിന്നീട് 2005ലാണ് ലോറൻസ് വീണ്ടും സംസ്ഥാന സമിതി അംഗമായത്. 2015-ൽ പ്രായം ഉയർത്തിക്കാട്ടി സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതിനിടെ 2018 ഒക്ടോബറിൽ മകൾ ആഷയുടെ മകൻ മിലൻ ബി.ജെ.പിയുടെ സമരവേദിയിലെത്തിയ സംഭവത്തിൽ ആദ്യമൊന്ന് പ്രതിരോധത്തിലായെങ്കിലും അതിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്താനും ലോറൻസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആദ്യം പിണറായി വിജയന് എതിരായിരുന്നു. പാലക്കാട് സമ്മേളനത്തിൽ സി.ഐ.ടി.യു പക്ഷത്തെ പ്രമുഖർ വെട്ടിനിരത്തപ്പെട്ടപ്പോൾ പിണറായിയും എം.എ.ബേബിയും വി.എസിനൊപ്പമായിരുന്നു. പിന്നീട് വി.എസ്.-പിണറായി വിഭാഗീയത ശക്തമായപ്പോൾ ലോറൻസ് പിണറായി പക്ഷത്തേക്ക് ചായുകയായിരുന്നു. കാലക്രമേണ സി.ഐ.ടി.യു പക്ഷം തന്നെ പാർട്ടി ഔദ്യോഗിക പക്ഷത്തിനൊപ്പമായി.