കൊച്ചി: കൊച്ചി നഗരത്തിൽ ബൈക്ക് മോഷ്ടാക്കൾ വിലസുന്നു. സിറ്റി പൊലീസ് പരിധിയിൽ പ്രതിദിനം രജിസ്റ്റർ ചെയ്യുന്നത് മൂന്നുമുതൽ എട്ടുവരെ ബൈക്ക് മോഷണക്കേസുകൾ. മോഷണങ്ങൾ വർദ്ധിച്ചതോടെ പരിശോധനകൾ കടുപ്പിച്ചിരിക്കുകയാണ് പൊലീസ്.

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ മരിയ ബിൽഡിംഗിന് മുന്നിൽ പാർക്കുചെയ്തിരുന്ന കങ്ങരപ്പടി സ്വദേശിയുടെഹീറോഹോണ്ട സ്‌പ്ലെണ്ടർ ബൈക്കാണ് ഒടുവിൽ മോഷണം പോയത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഭൂരിഭാഗം മോഷണക്കേസുകളിലും പ്രതികളെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ ചിലകേസുകളിൽ പിടിയിലായിട്ടുള്ളതെല്ലാം കുട്ടികളാണെന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

എറണാകുളം മേനക, ബ്രോഡ്‌വേ, നോർത്ത് -സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, പാലാരിവട്ടം, ഇടപ്പള്ളി, എറണാകുളം കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലും ബൈക്കുകൾ മോഷണംപോകുന്നത്. ബൈക്കുകളിൽനിന്ന് പെട്രോൾ ഊറ്റുന്നതും സ്ഥിരസംഭവമായി. ലഹരിയിടപാടുകൾക്കായാണ് കുട്ടികൾ ബൈക്കുകൾ മോഷ്ടിക്കുന്നതെന്നാണ് സംശയിക്കുന്നത്.

* പുത്തൻ രീതിയിൽ മോഷണം

തിരക്ക് കുറഞ്ഞയിടം കണ്ടെത്തി ബൈക്കുമായി മുങ്ങുന്ന പഴഞ്ചൻ രീതിയൊന്നും മോഷ്ടാക്കൾ ഇപ്പോൾ പിന്തുടരുന്നേയില്ല. സി.സിടിവി ക്യാമാറ നിരീക്ഷണമുള്ള തിരക്കേറിയ ഇടത്തുനിന്നുപോലും ബൈക്കുകൾ മോഷ്ടിച്ച് കടത്തുകയാണ്. മാസ്‌ക് ധരിച്ചാണ് കവർച്ച. സി.സിടിവി ക്യാമറകൾ പരിശോധിച്ചാലും മുഖം വ്യക്തമാകാത്തത് അന്വേഷണത്തേയും ബാധിക്കുന്നുണ്ട്. പെടോൾ തീർന്നാൽ വാഹനം റോഡരികിൽ ഉപേക്ഷിച്ച് അടുത്തത് മോഷ്ടിക്കുന്നതാണ് യുവാക്കളുടെ രീതി. കൊച്ചിയിൽ കണ്ടുകിട്ടുന്ന ബൈക്കുകളിൽ അധികവും എറണാകുളം റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷണം പോയിട്ടുള്ളവയാണ്.

പൊലീസ് നിർദ്ദേശം
• ബൈക്ക് ലോക്കുകൾ ഉപയോഗിക്കുക
• ശ്രദ്ധയില്ലാതെ ബൈക്ക് പാർക്ക് ചെയ്യരുത്
• വഴിയരികിൽ പാർക്ക് ചെയ്യരുത്
• താക്കോലെടുക്കാൻ മറക്കരുത്
• മോഷണവിവരം ഉടൻ അറിയിക്കണം

* ഇവിടെ പാർക്കുചെയ്യുമ്പോൾ സൂക്ഷിക്കുക

എറണാകുളം മേനക, ബ്രോഡ്‌വേ, നോർത്ത് -സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, പാലാരിവട്ടം, ഇടപ്പള്ളി, എറണാകുളം കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡ്