പറവൂർ: ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരയ്ക്കുന്ന 87-ാമത് ഗോതുരുത്ത് വള്ളംകളി ഇന്ന് നടക്കും. കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിയിലെ വിശുദ്ധ കുരിശിന്റെ തിരുനാളിന്റെ ഭാഗമായി ഗോതുരുത്ത് ദി സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബാണ് ജലമേള സംഘടിപ്പിക്കുന്നത്. എ ഗ്രേഡിൽ താണിയൻ, പൊഞ്ഞനത്തമ്മ നമ്പർ വൺ, സെന്റ് സെബാസ്റ്റ്യൻ ഒന്നാമൻ, ഗോതുരുത്തുപുത്രൻ, തുരുത്തിപ്പുറം, പുത്തൻപറമ്പിൽ, വെണ്ണക്കലമ്മ, താണിയൻ ദി ഗ്രേറ്റ് എന്നീ വള്ളങ്ങൾ മാറ്റുരയ്ക്കും. ചെറിയപണ്ഡിതൻ, ഗോതുരുത്ത്, മയിൽപ്പീലി, ശ്രീമുരുകൻ, പമ്പാവാസൻ, വടക്കുംപുറം, സെന്റ് സെബാസ്റ്റ്യൻ രണ്ടാമൻ, സെന്റ് ജോസഫ് രണ്ടാമൻ, തട്ടകത്തമ്മ, മടപ്ലാതുരുത്ത് എന്നിവയാണ് ബി ഗ്രേഡിൽ. രാവിലെ പതിനൊന്നരക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്യും. ക്ളബ് പ്രസിഡന്റ് നിവിൻ മിൽട്ടൻ അദ്ധ്യക്ഷനാകും. വടക്കേക്കര എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് കെ.വി. അനന്തൻ പതാക ഉയർത്തും. ഹൈബി ഈഡൻ എം.പി ഫ്ലാഗ് ഓഫ് ചെയ്യും. മുത്തൂറ്റ് അക്കാഡമി ടെക്ന‌ിക്കൽ ഡയറക്‌ടർ ബിജോയ് ബാബു തുഴ കൈമാറും. കടൽവാതുരുത്ത് പള്ളി വികാരി ഫാ. ജോയ് തേലക്കാട്ട് ട്രാക്ക് ആശീർവദിക്കും. ജേതാക്കൾക്ക് ഇ.ടി. ടൈസൺ എം.എൽ.എ ട്രോഫി നൽകും. ഫൈനലിൽ എത്താത്ത വള്ളങ്ങൾക്ക് പരസ്പരം വെല്ലുവിളിച്ച് മത്സരിക്കാൻ അവസരം നൽകുന്ന ചാലഞ്ചിംഗ് ട്രോഫിയാണ് ഇത്തവണത്തെ പുതുമ. ഹീറ്റ്സ്, ക്വാർട്ടർ, സെമി ഫൈനലുകൾക്ക് ശേഷമാകും ചാലഞ്ചിന് അവസരം. ഒരു വള്ളത്തിന്റെ ക്യാപ്റ്റൻ മറ്റൊരു വള്ളത്തെ വെല്ലുവിളിക്കുകയും അവർ അത് അംഗീകരിക്കുകയും ചെയ്താൽ മത്സരം നടക്കും. ചാലഞ്ചിൽ ജയിക്കുന്നവർക്ക് പ്രത്യേക കാഷ് പ്രൈസും ട്രോഫിയുമുണ്ട്.