
പറവൂർ: ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധിദിനം എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെയും വിവിധ ശ്രീനാരായണ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ വിവിധ ചടങ്ങുകളോടെ ആചരിച്ചു. യൂണിയൻ ആസ്ഥാനത്തെ ഗുരുമണ്ഡപത്തിൽ വൈദികയോഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പൂജകൾ നടന്നു. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന സമാധിദിന സമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്. ഷീബ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കൺവീനർ ഷൈജു മനയ്ക്കപ്പടി സമാധിദിനസന്ദേശം നൽകി. യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, ടി.എം. ദിലീപ്, വി.എൻ. നാഗേഷ്, കണ്ണൻ കൂട്ടുകാട്, കെ.ബി. സുഭാഷ്, എം.എഫ്.ഐ കോ ഓഡിനേറ്റർമാരായ പി.ബി. ജോഷി, എ.എൻ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സമൂഹപ്രാർത്ഥന, ഉപവാസയജ്ഞം എന്നീ ചടങ്ങുകൾക്ക് വനിതാസംഘം, യൂത്ത്മൂവ്മെന്റ്, സൈബർസേന, ശാഖായോഗം ഭാരവാഹികൾ നേതൃത്വം നൽകി. പ്രസാദവിതരണത്തോടെ ഉപവാസയജ്ഞം സമാപിച്ചു. വൈകിട്ട് ആസ്ഥാനമന്ദിരത്തിൽ ദീപക്കാഴ്ച നടന്നു. മൂത്തകുന്നം ഹിന്ദുമത ധർമ്മപരിപാലന സഭയുടെ നേതൃത്വത്തിൽ ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ ഗുരുപൂജ, പായസവിതരണം, ഗുരുമണ്ഡപത്തിൽ സമാധി പ്രാർത്ഥന, കഞ്ഞിവിതരണം, ദീപക്കാഴ്ച എന്നിവ നടന്നു. പറവൂർ ഈഴവസമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഗുരുപൂജ, പ്രാർത്ഥന, പ്രസാദവിതരണവും പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ ഗുരുമണ്ഡപത്തിൽ ഗുരുദേവ പ്രാർത്ഥനയും ദീപക്കാഴ്ചയും നടന്നു. പാലാതുരുത്ത് - മുണ്ടുരുത്തി ഗുരുദേവ സംഘമിത്രയിൽ ഉപവാസ പ്രാർത്ഥന, പ്രഭാഷണം, കഞ്ഞി വിതരണം എന്നിവ നടന്നു.