കൊച്ചി: പെൺവാണിഭ സംഘത്തിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തിയ ബംഗ്ലാദേശ് സ്വദേശിനിക്കെതിരെയും കേസെടുത്തു. രാജ്യാതിർത്തി ലംഘിച്ച് ഇന്ത്യയിലെത്തിയ കുറ്റം ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തത്. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വൈകാതെ സ്വദേശമായ ധാക്കയിലേക്ക് നാടുകടത്തും. യുവതിയുടെ കൈവശം രേഖകളൊന്നുമില്ലെന്നും കേസുവിവരങ്ങളും മറ്റും വ്യക്തമാക്കി ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിന് (എഫ്.ആർ.ആർ.ഒ ) പൊലീസ് റിപ്പോർട്ട് കൈമാറിയിരുന്നു.
കേസിൽ റിമാൻഡിലായ തിരുവനന്തപുരം പൂന്തുറ പള്ളക്കടവ് വീട്ടിൽ ജെഗിത (40), ബംഗളൂരു കെ.ആർ. പുരം എട്ട് ക്രോസ് റോഡിൽ സെറീന (34), എറണാകുളം വരാപ്പുഴ കൂനമ്മാവ് പോണേപ്പറമ്പ് വീട്ടിൽ വിപിൻ (25) എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. മറ്റൊരു ബംഗ്ലാദേശ് സ്വദേശിനിയടക്കം മൂന്ന് യുവതികൾക്കും കേസിൽ ബന്ധമുണ്ട്. പ്രതികളെ ചോദ്യംചെയ്താൽ മാത്രമേ ഇവർ ആരെന്നും എവിടേക്കാണ് കടന്നതെന്നും വ്യക്തമാകൂ.
പന്ത്രണ്ടാം വയസിൽ ഇന്ത്യയിലെത്തി സെക്‌സ് റാക്കറ്റിന്റെ വലയിലകപ്പെട്ട ബംഗ്ലാദേശ് സ്വദേശിനിയെ വിലയ്ക്കുവാങ്ങി കൊച്ചിയിലേക്ക് കൊണ്ടുവന്നാണ് മലയാളികളടങ്ങിയ പെൺവാണിഭ സംഘം ചൂഷണംചെയ്തിരുന്നത്.
വ്യാഴാഴ്ച രാവിലെ സഹോദരിയെ മലയാളി സ്ത്രീ തട്ടിക്കൊണ്ടുപോയെന്ന് അറിയിച്ച് എമർജൻസി റെസ്‌പോൺ സിസ്റ്റത്തിലേക്ക് (ഇ.ആർ.എസ്) വന്ന സെറീനയുടെ ഫോൺകാളാണ് രാജാന്തര ബന്ധമുള്ള സെക്‌സ് റാക്കറ്റിലേക്ക് വഴിതുറന്നത്. ഏറെക്കാലം ഡൽഹിയിലെ സെക്‌സ് റാക്കറ്രിന്റെ വലയിലായിരുന്നു യുവതി. ഈ സംഘത്തിൽ നിന്ന് ബംഗളൂരുവിലെ റാക്കറ്റിൽ എത്തപ്പെട്ടു. വൈകാതെ സെറീനയുടെ വലയിലായി. 10ദിവസം മുമ്പാണ് യുവതിയെ കൊച്ചിയിൽ എത്തിച്ചതെന്നാണ് ജെഗിതയുടെ മൊഴി.