pasnithodu-paravur-

പറവൂർ: മുന്ന് പതിറ്റാണ്ട് മുമ്പ് വരെ കൊച്ചി മാർക്കറ്റിലേക്ക് വലിയ വള്ളങ്ങളിൽ ചരക്ക് ഗതാഗതം നടന്നിരുന്ന പഷ്ണിത്തോട് ഇന്ന് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. അറവ് മാലിന്യങ്ങളടക്കം തോട്ടിൽ കുമിഞ്ഞുകൂടി ഒഴുകുകയാണ്. പഷ്ണിത്തോടിലൂടെ അത് പെരിയാറിലേക്കാണ് ഒഴുകിയെത്തുന്നത്. ഇത് തോടിന്റെ സമീപത്ത് താമസിക്കുന്നവർക്ക് വലിയ ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. പഷ്ണിത്തോടിന്റെ ആഴം കുറഞ്ഞതോടെ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. അതിനാൽ തോട്ടിൽ തള്ളുന്ന അറവ് മാലിന്യങ്ങൾ ചീഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. ചീഞ്ഞ മാംസങ്ങൾ തെരുവുനായ്ക്കളും പക്ഷികളും ഭക്ഷിക്കാനായി കരയിൽ കൊണ്ടിടുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു.

മാലിന്യ സംസ്കരണം പരിഹരിക്കാത്തതിനാൽ പറവൂർ മാർക്കറ്റിലെ അറവുശാല, മാംസ-മത്സ്യ വിപണന കേന്ദ്രം എന്നിവ അടച്ചുപൂട്ടണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞ ജൂലായിൽ പറവൂർ നഗരസഭയ്ക്ക് നോട്ടിസ് നൽകിയിരുന്നു. മാർക്കറ്റിനോട് ചേർന്നുള്ള പെരിയാറിന്റെ കൈവരിയായ തട്ടുകടവ് പുഴയിൽ മത്സ്യങ്ങൾ മേൽത്തട്ടിലെത്തി ശ്വാസമെടുക്കുകയും ചിലത് ചത്തുപൊന്തുകയും ചെയ്തിരുന്നു. പരിശോധനയിൽ ജലത്തിൽ ഓക്സിജന്റെ അളവ് കുറവാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡ് കർശന നിർദ്ദേശങ്ങൾ നൽകി. എന്നാൽ ഇവയൊന്നും നഗരസഭ നടപ്പാക്കാതെ വന്നതോടെയാണ് വിപണന കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്. നഗരസഭ സ്റ്രേ വാങ്ങിയാണ് ഇവ ഇപ്പോൾ പ്രവർത്തിക്കുന്നത്.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങൾ

1. ആധുനിക അറവുശാല എത്രയും വേഗം ആരംഭിക്കണം

2.അനധികൃത അറവ് നിരോധിക്കണം

3.മലിനജല സംസ്കരണ സംവിധാനം ഒരുക്കണം

----------------------------------

ജനദ്രോഹപരമായ പ്രവൃത്തികൾ ചെയ്യുന്നവർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുന്ന അവസ്‌ഥയുണ്ട്. പഷ്ണിത്തോട്ടിൽ മാലിന്യം തള്ളുന്നവരെ പിടികൂടി നടപടിയെടുക്കണം. പരിഹാരം ഉണ്ടായില്ലെങ്കിൽ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും

ജി. ഗിരീഷ്

നഗരസഭ കൗൺസിലർ

പറവൂർ നഗരത്തിൽ പ്രവർത്തിക്കുന്നത് നിരവധി അറവുശാലകൾ ഒരു അറവുശാലയ്ക്കും നിയമപരമായ ലൈസൻസില്ല  അറവുമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കാരിക്കാൻ സംവിധാനങ്ങളില്ല നഗരത്തിലെ അറവുമാലിന്യങ്ങളും മത്സ്യമാലിന്യങ്ങളും ഒഴുക്കുന്നത് തോടുകൾ വഴി പെരിയാറിലേക്ക് മാലിന്യപ്രശ്നം രൂക്ഷമാകുമ്പോൾ സമീപവാസികൾ പ്രതിഷേധിക്കുംനഗരസഭയുടെ നടപടികൾ പേരിന് മാത്രം മാലിന്യം തോട്ടിലും വഴിയോരത്തും നിക്ഷേപിക്കുന്നത് പിടികൂടാൻ സ്ഥിരം സംവിധാനങ്ങളില്ല