1
ഹൗസ് ഓഫ് യേശുദാസിൽ നിൽക്കുന്ന മാവിൻചുവട്ടിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വെള്ളമൊഴിക്കുന്നു

ഫോർട്ടുകൊച്ചി: ഗാനഗന്ധർവന്റെ അമ്മ നട്ടുവളർത്തിയ മാവ് കാണാൻ യേശുദാസിന്റെ പഴയ തറവാട് വീട്ടിലേക്ക് കേന്ദ്ര ടൂറിസം സഹമന്ത്രി മന്ത്രി സുരേഷ് ഗോപിയെത്തി. ഫോർട്ടുകൊച്ചിയിലെ ഹൗസ് ഒഫ് യേശുദാസിലാണ് ഇന്നലെ രാവിലെ സുരേഷ് ഗോപിയെത്തിയത്. മാവിന്റെ ഭാഗങ്ങൾ നിൽക്കുന്ന മൂന്നുനിലകളിലും മന്ത്രി കയറി. മാവിന്റെ ചുവട്ടിൽ വെള്ളമൊഴിച്ചു. ഹൗസ് ഒഫ് യേശുദാസിന്റെ ഇപ്പോഴത്തെ ഉടമയായ സി.എ. നാസർ യേശുദാസിന് വീഡിയോകോൾ ചെയ്തശേഷം ഫോൺ സുരേഷ് ഗോപിക്ക് കൈമാറി. യേശുദാസും ഭാര്യ പ്രഭയും വീഡിയോ കോളിലെത്തി. താൻ ഉടൻ അമേരിക്കയിലേക്ക് വരുമെന്നും ദാസേട്ടനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. കാൽതൊട്ട് വന്ദിക്കുന്നുവെന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷം മോനേയെന്ന് പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്.

ഈ മാവിനെ പാട്ട് മാവെന്ന് വിളിക്കുമെന്നും ഒരുപാട് പാട്ടുകേട്ട് വളർന്ന മാവാണെന്നും സുരേഷ് ഗോപി പറഞ്ഞു.ഇവിടെ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പ്രതിമ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.