
കൂത്താട്ടുകുളം : കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിയിൽ റബർ കൃഷിയെ ഉൾപ്പെടുത്തുന്നത് സംസ്ഥാനത്താദ്യമായി തിരുമാറാടിയിൽ നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കെ.എം മാണി ഊർജിത ജലസേചന പദ്ധതിയുടെ ഭാഗമായി തിരുമാറാടിയിൽ 5.27 കോടിയുടെ സൂക്ഷ്മ ജലസേചന പദ്ധതി
നിർമ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വേനൽക്കാലത്ത് സൂഷ്മ ജലസേചനം വഴി റബറിന്റെ പാലുത്പാദനം വർദ്ധിപ്പിക്കാനും പട്ടമരവിപ്പ് പോലുള്ള രോഗങ്ങൾ കുറയ്ക്കാനാകുമോയെന്നും തിരുമാറാടിയിലെ 100 മരങ്ങളിൽ പരീക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ അഡ്വ അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ എം.ജെ. ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യ മോൾ പ്രകാശ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ആശ സനൽ, ജില്ലാപഞ്ചായത്തംഗം ഉല്ലാസ് തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് സഹകരണ ബാങ്ക് പ്രസിഡണ്ട് അനിൽ ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ടി. ശശി പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ രമ മുരളീധര കൈമൾ, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. ചീഫ് എഞ്ചിനിയർ പ്രകാശ് ഇടിക്കുള പദ്ധതി വിശദീകരിച്ചു. സംസ്ഥാന കർഷിക അവാർഡുകൾ നേടിയ മണ്ണത്തൂരിലെ തിരുമാറാടി ഫാർമർ പ്രൊഡ്യൂസർ കമ്പനി, പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്റർ, എം ജി യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് അനന്തു അനിൽ, തിരുമാറാടി സെന്റ് മേരിസ് കത്തോലിക്ക പള്ളി വികാരി ഫാ.ജയിംസ് മടുക്കാൻകൽ, പദ്ധതിക്ക് സ്ഥലം നൽകിയ പാറക്കൽ കൊച്ചനിയൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.