
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമല കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എയുമായി സംവാദ സന്ധ്യ സംഘടിപ്പിച്ചു. രാഷ്ട്ര നിർമ്മിതിയും യുവതയും എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ നിരവധി എൻ.എസ്.എസ് വോളണ്ടിയർമാർ പങ്കെടുത്തു. നിർമ്മലായനം എന്ന പേരിൽ നടത്തുന്ന സപ്തദിന എൻ.എസ്.എസ് ക്യാമ്പിനോടനുബന്ധിച്ചാണ് ഗവ. മോഡൽ ഹൈസ്‌കൂളിൽ സംവാദ സന്ധ്യ സംഘടിപ്പിച്ചത്. ഇന്ത്യയെ ലോകത്തിലെ മികച്ച രാജ്യമാക്കാൻ പരിശ്രമിക്കേണ്ടത് ഇന്നത്തെ യുവതലമുറയാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു.
എഴ് ദിവസങ്ങളായി മോഡൽ ഹൈസ്‌കൂളിൽ നടന്നുവരുന്ന ക്യാമ്പ് സമാപിച്ചു. മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലിന്റെയും പൊതുപ്രവർത്തകരുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഫാ. ജസ്റ്റിൻ കെ. കുര്യാക്കോസ്, ബർസാർ ഫാ. പോൾ കളത്തൂർ, കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. പി.ബി. സനീഷ്, ഡോ. സംഗീത നായർ, വോളണ്ടിയർ സെക്രട്ടറിമാരായ ആൽവിറ്റോ സജി, നസ്രീൻ നാസർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി .