
വൈപ്പിൻ: ഇന്റർനാഷണൽ കോസ്റ്റൽ അപ്പ് 2024ന്റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡുകൾ സംഘടിപ്പിച്ച ചെറായി ബീച്ചിലെ തീരശുചീകരണം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മാലിന്യങ്ങൾ പ്രത്യേകിച്ച് പ്ലാസ്റ്റിക്കിന്റേത് നൂറ്റാണ്ടുകൾ നീളുന്ന പ്രത്യാഘാതമാണ് കടലിന് വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോസ്റ്റ് ഗാർഡ് എയർ എൻക്ലേവ് കൊച്ചി കമാൻഡിംഗ് ഓഫീസർ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ രോഹിത് വോഹ്റ അദ്ധ്യക്ഷനായി. പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, രാധിക സതീഷ്, സീമാ ജാഗരൺ മഞ്ച് ദേശീയ രക്ഷാധികാരി എ. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കോസ്റ്റ് ഗാർഡ് എയർ എൻക്ലയർ കൊച്ചി സ്‌കൂൾ, ചെറായി എസ്.എം.എച്ച്.എസ്, എസ്.എൻ.എച്ച്.എസ്, വിദ്യാധിരാജ ആലുവ, യു.സി. കോളേജ്, പൊലീസ് സേനാംഗങ്ങൾ, റോട്ടറി ക്ലബ് അംഗങ്ങൾ, ഹരിത കർമ സേനാംഗങ്ങൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി. കൊച്ചി പരിസ്ഥിതി സംരക്ഷണ സമിതിയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.