തൃപ്പൂണിത്തുറ: എസ്.എൻ ജംഗ്ഷനിൽ മെട്രോ നിർമ്മാണത്തിനിടെ നീക്കംചെയ്ത ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം പുനഃസ്ഥാപിച്ചു. മുമ്പുള്ള സിഗ്നൽ സംവിധാനം നാലുവശത്തേക്കും വാഹനങ്ങൾ കടന്നുപോകുവാൻ കഴിയുന്ന വിധത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്. എന്നാൽ പുതിയ സംവിധാനത്തിൽ ഇരുമ്പനം ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് എരൂർ ഭാഗത്തേക്കോ പഴയ സ്റ്റാൻഡിൽനിന്നുവരുന്ന വാഹനങ്ങൾക്ക് എരൂർ, ഇരുമ്പനം ഭാഗത്തേക്കോ കടക്കാൻ കഴിയില്ല.
എറണാകുളം - ഏറ്റുമാനൂർ സംസ്‌ഥാന പാതയിൽ ഏറ്റവും തിരക്കുള്ള ഈ ജംഗ്ഷനിൽ നീണ്ട കാത്തിരിപ്പിനൊടുവിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പുന:സ്‌ഥാപിച്ച സിഗ്നൽകൊണ്ട് ഫലത്തിൽ പ്രയോജനമില്ലാത്ത അവസ്ഥയാണ്. ഇരുറോഡുകളിൽനിന്നും എരൂർ റോഡിലേക്ക് പ്രവേശിക്കണമെങ്കിൽ യാത്രക്കാർക്ക് ഒരുകിലോമീറ്റർ അധികം യാത്രചെയ്ത് വടക്കേക്കോട്ടയിലെ ആദംപിള്ളിക്കാവ് ക്ഷേത്രത്തിന് മുന്നിൽനിന്ന് യൂ ടേൺ എടുക്കേണ്ടി വരും. ഗതാഗതക്കുരുക്കുള്ള സമയമാണെങ്കിൽ ഏറെനേരം കാത്തുകിടക്കണം. എരൂർ ഭാഗത്തേക്ക് ഓട്ടോയിലോ സ്വന്തം വാഹനത്തിലോ പോകുന്നവർക്ക് സമയവും പണവും നഷ്ടപ്പെടുത്തുന്നതാണ് ഈ പരിഷ്കാരം.
നേരത്തെ ഉണ്ടായിരുന്നതുപോലെ എസ്.എൻ ജംഗ്ഷനിൽ നാലുവശത്തുനിന്നും എത്തുന്ന വാഹനങ്ങൾക്കു തടസമില്ലാതെ കടന്നുപോകാൻ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ട്രൂറ അധികൃതർക്ക് പരാതി നൽകി.